Sports

ദേ ഇവനാണ് ബംഗ്‌ളാദേശിന്റെ ആ തീപ്പൊരി; നോക്കി വെച്ചേക്കണം അടുത്ത മത്സരത്തില്‍

പാകിസ്താനെ അവരുടെ നാട്ടില്‍ തകര്‍ത്തതിന്റെ ആവേശത്തില്‍ എത്തിയ ബംഗ്‌ളാദേശ് ഇന്ത്യയ്ക്ക് മേലും പിടി മുറുക്കുകയാണ്. വ്യാഴാഴ്ച ചെന്നൈയില്‍ ആതിഥേയരായ ഇന്ത്യയ്ക്ക് എതിരേ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തില്‍ ഇന്ത്യയുടെ മൂന്‍നിര ബാറ്റ്‌സ്മാന്‍മാരെയാകെ വെള്ളംകുടിപ്പിക്കുകയാണ് ബംഗ്‌ളാദേശ് കടുവകള്‍. കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായത് ഫാസ്റ്റ്ബൗളര്‍ ഹസന്‍ മഹ്മൂദാണ്.

ഉച്ചവരെയുള്ള കളിയില്‍ നാലു വിക്കറ്റുകളാണ് 24 കാരന്‍ പയ്യന്‍ വീഴ്ത്തിയത്.
ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ഋഷഭ്പന്ത് എന്നിവരെ പുറത്താക്കി ഹസന്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ചുകളഞ്ഞു. ആദ്യ സെഷനില്‍ ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്നും കിട്ടിയ സഹായം പരമാവധി ഹസന്‍ മുതലാക്കി. മത്സരത്തിന്റെ അഞ്ചാം ഓവറില്‍ ഫാസ്റ്റ് ബൗളര്‍ ആദ്യ വെടിപൊട്ടിച്ചു. രോഹിത് നേരിട്ട പന്ത് രണ്ടാം സ്ലിപ്പില്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയിലേക്ക് എത്തി.

രണ്ട് ഓവറുകള്‍ക്ക് ശേഷം, ലെഗ്-സ്റ്റമ്പിന് പുറത്ത് ഒരു പന്ത് പിന്തുടരുന്ന ഗില്‍ സ്റ്റമ്പിന് പിന്നില്‍ ലിറ്റണദാസിന് ക്യാച്ച് ആയി. വെറും 6 റണ്‍സില്‍ നില്‍ക്കേ ലിറ്റണ്‍ ദാസിന്റെ കൈകളിലേക്ക് ഇന്ത്യയുടെ സുവര്‍ണ്ണ ബാറ്റര്‍ കോഹ്ലിയെയും ഹസന്‍ എത്തിച്ചു. പിന്നാലെ പിടിച്ചു നില്‍ക്കുകയായിരുന്ന പന്തിനെയും ലിറ്റണ്‍ദാസിന്റെ കയ്യിലെത്തിച്ചു കൊണ്ട് ഹസന്‍ മറ്റൊരു പ്രഹരം കൂടി ഇന്ത്യയ്ക്ക് നല്‍കി.

2020 മാര്‍ച്ചില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത് മുതല്‍ 24 കാരനായ ഫാസ്റ്റ് ബൗളര്‍ ആരാധകരെയും വിദഗ്ധരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്. 2024-ല്‍ ശ്രീലങ്കയ്ക്കെതിരെയായിരുന്നു ഹസന്റെ ടെസ്റ്റ് അരങ്ങേറ്റം. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ തന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം രജിസ്റ്റര്‍ ചെയ്ത മഹമൂദ് ടീമിനെ വിജയത്തിലേക്കും നയിച്ചു.

ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ചെന്നൈ ടെസ്റ്റിന് മുമ്പ് മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 25 ശരാശരിയില്‍ 14 വിക്കറ്റ് നേടിയിട്ടുണ്ട്. ആദ്യ മൂന്ന് മണിക്കൂറില്‍ തന്നെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബംഗ്‌ളാദേശ് ലിറ്റണ്‍ദാസ് മൂന്ന് ക്യാച്ചുകളാണ് ഹസന്റെ പന്തുകളില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *