ചണ്ഡീഗഡ്: ആറു വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്‌റ്റിലായ സ്‌ത്രീ സ്വന്തം മകന്‍ ഉള്‍പ്പെടെ മറ്റു മൂന്നു കുട്ടികളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു ഹരിയാന പോലീസ്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വിധി എന്ന ആറു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പാനിപ്പത്ത് സ്വദേശി പൂനത്തിനെയാണ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്.
കുട്ടികളുടെ സൗന്ദര്യത്തില്‍ അസൂയ തോന്നിയാണ് ഇവര്‍ മൂന്ന് പെണ്‍കുട്ടികളെ വെള്ളത്തില്‍ മുക്കിക്കൊല്ലുകയും കുറ്റകൃത്യം മറച്ചുവയ്‌ക്കാന്‍ മകനെ കൊല്ലുകയും ചെയ്‌തതെന്നു പോലീസ് പറഞ്ഞു.
2023-ലാണ് ഇവര്‍ സ്വന്തം മകനെയും രണ്ടു പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് തന്നെക്കാള്‍ സൗന്ദര്യമുണ്ടെന്നതിന്റെ അസൂയയെത്തുടര്‍ന്നാണ് പൂനം കൊലപാതകങ്ങള്‍ നടത്തിയതെന്നും ഈ വിവരം പുറത്തറിയാതിരിക്കാനാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
സോണിപത്ത് സ്വദേശിയായ വിധി എന്ന ആറു വയസുകാരി അച്‌ഛന്‍ സന്ദീപിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാനായി പാനിപ്പത്തിലെ ഇസ്രാനയിലുള്ള നൗള്‍ത ഗ്രാമത്തിലെത്തിയത്.
വിവാഹഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എല്ലാവരും പോയ സമയത്താണ് കുട്ടിയെ കാണാതായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ബന്ധുവിന്റെ വീടിന്റെ ഒന്നാംനിലയിലെ സ്‌റ്റോര്‍ റൂമിലെ വാട്ടര്‍ടബ്ബില്‍ മുങ്ങിയനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരണം സ്‌ഥിരീകരിച്ചു. അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് വിധിയുടെ പിതൃസഹോദരിയാണെന്നു പോലീസ് കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണു മറ്റു കൊലപാതകങ്ങള്‍കൂടി വെളിച്ചത്തുവന്നത്.
സുന്ദരികളായ പെണ്‍കുട്ടികളെയാണ് അവര്‍ പ്രത്യേകമായി ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു. 2023 ല്‍ പൂനം തന്റെ സഹോദരഭാര്യയുടെ മകളെ കൊലപ്പെടുത്തി. അതേവര്‍ഷം, സ്വന്തം മകനെയും മുക്കിക്കൊന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍, സിവാ ഗ്രാമത്തില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയെയും പൂനം കൊലപ്പെടുത്തിയെന്നു പോലീസ് കണ്ടെത്തി. ചോദ്യംചെയ്യലില്‍ പൂനം കുറ്റങ്ങള്‍ സമ്മതിച്ചതായും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുെന്നും പോലീസ് അറിയിച്ചു.




