കൗതുകരമായ വാര്‍ത്തകള്‍ പലപ്പോഴും നമ്മുടെയൊക്കെ ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഇപ്പോള്‍ വ്യത്യസ്തമായ ഒരു വിവാഹത്തിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഈ വിവാഹത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആണ് വരന്‍ എന്നതാണ് ശ്രദ്ധേയമാകുന്നത്. ഹരിയാന സ്വദേശിയായ യുവതി ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഹരിയാനയിലെ സിര്‍സ സ്വദേശിയായ ജ്യോതി ഭട്വര്‍ ആണ് ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി സ്വീകരിച്ചത്.
മഥുരയിലെ ശ്രീ ധാം വൃന്ദാവനില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികര്‍ ദമ്പതികളുടെ മകളാണ് ജ്യോതി. 34കാരിയായ ജ്യോതി അച്ഛനമ്മമാരോടൊപ്പം വൃന്ദാവനത്തിലാണ് കഴിയുന്നത്. കടുത്ത കൃഷ്ണഭക്തയാണ് ജ്യോതി. ജ്യോതിയുടെ ഗുരുവായ ഡോ ഗൗതം ആണ് വിവാഹച്ചടങ്ങിന് നേതൃത്വം നല്‍കിയത്. നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. വൃന്ദാവനത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി ഇവര്‍ ശ്രീകൃഷ്ണനെ ആരാധിച്ചുവരികയായിരുന്നു. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് വിവാഹം നടത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാചടങ്ങുകളും പൂര്‍ത്തിയാക്കിയെന്ന് ഡോ. ഗൗതം പറഞ്ഞു. ജ്യോതിയുടെ പേര് മീര എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. വിവാഹച്ചടങ്ങളുകള്‍ക്കായി ജ്യോതി വൃന്ദാവനിലുള്ള ഹരേ കൃഷ്ണ ധാം സൊസൈറ്റിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന വിവാഹത്തില്‍ വധുവിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു. നിരവധി പേരാണ് ജ്യോതിയെ അഭിനന്ദിച്ച് രംഗത്തെത്തിയതെന്നും ഡോ.ഗൗതം പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ഈ വിവാഹത്തിന് സാക്ഷിയാകാന്‍ എത്തിയത്.