ഹരിദ്വാര്‍: കുട്ടികള്‍ രണ്ടിലധികമായതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കി. ഉത്തരാഖണ്ഡിലെ നാഗ്ലാ ഖുര്‍ദ, ബഹദ്രാബാദ് ബ്‌ളോക്കില്‍ നടന്ന സംഭവത്തില്‍ ഗവണ്‍മെന്റിന്റെ രണ്ടുകുട്ടികള്‍ എന്ന ചെല്‍ഡ് പോളിസിയെ മുന്നില്‍നിന്ന് നടപ്പാക്കേണ്ടയാള്‍തന്നെ തകിടം മറിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്റ് രേശ്മയെ സ്ഥാനത്ത് നിന്നും നീക്കിയത്. പരാതിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തി കാര്യം ബോദ്ധ്യപ്പെട്ടതിന് പിന്നാലെ ഉത്തരഖണ്ട് പഞ്ചായത്ത് രാജ് ആക്ട് 2016 അനുസരിച്ചായായിരുന്നു നടപടി.
ആഗസ്റ്റ് 27 നാണ് ഇവരെ നീക്കിയത്. 2022 ല്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലായിരുന്നു രേശ്മയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. എന്നാല്‍ 2023 സെപ്തംബറില്‍ ഒരാള്‍ രേശ്മ മക്കളുടെ കാര്യത്തില്‍ സമര്‍പ്പിച്ചത് വ്യാജരേഖയാണെന്ന് കാട്ടി ഒരാള്‍ പരാതി നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ രണ്ടുകുട്ടികള്‍ നയം രേശ്മ തെറ്റിച്ചെന്നും മൂന്നാമത്തെ കുട്ടിയെ സംബന്ധിക്കുന്ന കാര്യം മറച്ചുവെച്ചെന്നുമായിരുന്നു ആക്ഷേപം.
തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്തിയ കളക്ടര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തനിക്ക് മകളുണ്ടായത് 2019 ഫെബ്രുവരിയിലാണെന്നാണ് രേശ്മ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഒരു തെളിവ് നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഏഴ് ദിവസത്തെ നോട്ടീസ് കാലയളവ് നല്‍കിയതിന് പിന്നാലെ ആരോപണത്തില്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കളിഞ്ഞില്ലെന്ന് കാട്ടി സ്ഥാനത്ത് നിന്നും മാറ്റാന്‍ നിര്‍ദേശം ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കുകയായിരുന്നു.