മുൻകാമുകിയുടെ പോളി എന്ന് പേരുള്ള കോഴിയെ മോഷ്ടിച്ച യുവാവിനെ കൈയ്യോടെ പിടികൂടി പോലീസ്. സംഭവത്തിന്റെ നാടകീയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോ കാണികളിൽ ഒരേ സമയം ആശ്ചര്യവും ചിരിയും നിറച്ചിരിക്കുകയാണ്.
കിറ്റ്‌സാപ്പ് കൗണ്ടി ഷെരീഫിൻ്റെ ഓഫീസാണ് ദൃശ്യങ്ങൾ എക്‌സിൽ പങ്കിട്ടത്, “പട്രോളിംഗ് നടത്തുന്നതിനിടെ തട്ടിക്കൊണ്ടുപോയ കോഴിയെ വീണ്ടെടുത്തു” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
യുഎസിലെ വാഷിംഗ്ടൺ സ്‌റ്റേറ്റിലെ കിറ്റ്‌സാപ് കൗണ്ടിയിലാണ് സംഭവം. വീഡിയോയുടെ തുടക്കത്തിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനോട് പോലീസുകാരൻ, “പേടിക്കണ്ട, നിന്റെ കോഴിയെ മുറുകെ പിടിച്ചോളൂ, ഞാൻ നിന്റെ കോഴിയെ ഉപദ്രവിക്കില്ല” എന്ന് പറയുന്നതാണ് കാണുന്നത്. തുടർന്ന് പക്ഷിയെ മോഷ്ടിച്ചതിനും സംരക്ഷണ ഉത്തരവ് ലംഘിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയതായി പോലീസ് യുവാവിനെ അറിയിച്ചു.
ഷെരീഫിന്റെ ഓഫീസ് പറയുന്നതനുസരിച്ച്, സംഭവത്തെ കുറിച്ച് യുവാവിന്റെ മുൻ കാമുകി പോലീസിനോട് പറഞ്ഞതിങ്ങനെ “എന്റെ മുൻ കാമുകനായ യുവാവ് എന്റെ വീട്ടിൽ എത്തുകയും പിൻവാതിൽ ചവിട്ടുകയുമായിരുന്നു. തുടർന്ന് കോഴിയുമായി ഓടിപ്പോകുകയായിരുന്നു. ഓടുന്നതിനിടയിൽ , “എനിക്ക് പോളിയെ കിട്ടി എന്ന് അയാൾ നിലവിളിക്കുന്നുമുണ്ടായിരുന്നു” യുവതി വ്യക്തമാക്കിയതായി അധികൃതർ അറിയിച്ചു.
കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനോട് പുറത്തിറങ്ങാൻ പോലീസുകാർ ആദ്യം ആവശ്യപ്പെടുകയും തുടർന്ന്, കോഴിയെ വിടാനും ആവശ്യപെടുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയും പോലീസ് കാറിന്റെ പിൻസീറ്റിൽ കോഴിയെ ഇരുത്തുകയും ആയിരുന്നു. വീഡിയോ തുടരുമ്പോൾ പോലീസ് ഇയാളോട് സംസാരിക്കുന്നത് കാണാം.
യുവാവിനെ പിടികൂടിയതിന് ശേഷം കോഴിയെ അതിൻ്റെ ഉടമയ്ക്ക് പരിക്കേൽപ്പിക്കാതെ തിരികെ നൽകിയെന്ന് പോലീസ് അറിയിച്ചു.
മിയാമി ഹെറാൾഡ് പറയുന്നതനുസരിച്ച്, താമസസ്ഥലത്ത് മോഷണം നടത്തിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംരക്ഷണ ഉത്തരവ് ലംഘിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.