Crime

കുരങ്ങുകളുടെ ആക്രമണത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം ; വയര്‍കീറി കുടല്‍മാല പൊട്ടിച്ചു

കുരങ്ങന്റെ ആക്രമണത്തില്‍ ഗുജറാത്തില്‍ പത്തുവയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചതോടെ ഗ്രാമം ഭീതിയില്‍. ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കി ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വയര്‍ കീറുകയും കുടല്‍മാല പൊട്ടുകയും ചെയ്തു. ദെഹ്ഗാം താലൂക്കിലെ ഒരു ക്ഷേത്രത്തിന് സമീപമാണ് കുരങ്ങ് ആക്രമണം ഉണ്ടായതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതോടെ ഗ്രാമവാസികള്‍ ആകെ ഭീതിദമായ അവസ്ഥയിലാണ്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനുമുമ്പ് കുട്ടി ദാരുണമായി മരിച്ചു.ദീപക് താക്കൂര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ദീപകിനെ കുരങ്ങുകള്‍ കൂട്ടംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു.

കുട്ടിയുടെ ദേഹത്ത് മാന്തിയ കുരങ്ങുകള്‍ കുട്ടിയുടെ വയര്‍ കീറുകയും കുടല്‍മാല പൊട്ടിക്കുകയും ചെയ്തു. തൊട്ടടുത്ത വീട്ടിലേക്ക് ഓടിയ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ അവിടെ എത്തിയപ്പോഴേയ്ക്കും മരണമടഞ്ഞു. ഒരാഴ്ചയ്ക്കിടെ ഗ്രാമത്തില്‍ കുരങ്ങുകള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഗ്രാമത്തിലെ കുരങ്ങുകളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വിശാല്‍ ചൗധരി പറഞ്ഞു.

നാലു കുരങ്ങുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടെണ്ണത്തെ പിടികൂടി. രണ്ടെണ്ണം രക്ഷപ്പെട്ടു. അവയെക്കൂടി പിടിക്കാനുള്ള ശ്രമത്തലാണ്. ഈ വര്‍ഷമാദ്യം, മധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തില്‍ രണ്ടാഴ്ചയോളം ആളുകളെ ഭയപ്പെടുത്തി കുരങ്ങുകള്‍ തേര്‍വാഴ്ച നടത്തിയത്. 20 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതോടെ തലയ്ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചാണ് അധികൃതര്‍ ഒരു കുരങ്ങനെ പിടികൂടിയത്. രക്ഷാസംഘം ഡ്രോണ്‍ ഉപയോഗിച്ച് കുരങ്ങിനെ കണ്ടെത്തുകയും ഡാര്‍ട്ടുകള്‍ ഉപയോഗിച്ച് ശാന്തമാക്കുകയും കൂട്ടിലിടുകയും ചെയ്തു