തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം. അഞ്ച് യുവാക്കൾ ഗതാഗത നിയമങ്ങൾ ലംഘിക്കുകയും തങ്ങൾക്കും വഴിയാത്രക്കാർക്കും അപകടമുണ്ടാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ അതീവ അപകടകരമായ ബാലൻസിംഗ് പ്രകടനം നടത്തുന്നത് വിഡിയോയില്‍ കാണാം. അവരിൽ നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമത്തെയാൾ മറ്റു നാലുപേരുടെ തോളിൽ കയറി നേരെ നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാര്യം, ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല എന്നതാണ്.
ഒരു സ്കൂട്ടറിൽ നാല് പേർ യാത്ര ചെയ്യുന്നതും, അഞ്ചാമത്തെയാൾ അവരുടെ തോളിൽ അപകടകരമായ രീതിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതുമാണ് ദൃശ്യങ്ങളിൽ. ഈ അപകടകരമായ അഭ്യാസപ്രകടനം കണ്ട ഒരു വഴിയാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്.
സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വിഡിയോയിൽ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് ഉയർന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്ഥിരമായി ഗതാഗതകുരുക്കുള്ള ദേശീയപാതയുടെ ഒരു ഭാഗത്താണ് സംഭവം നടന്നത്. ബിജാപ്പൂർ പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ചക്ര വാഹനമോടിക്കുന്ന യുവാവ് ആദ്യം നാണക്കേട് കാരണം മുഖം മറയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വഴിയാത്രക്കാരന്റെ പ്രശംസ കേട്ടതോടെ യാതൊരു മടിയുമില്ലാതെ കൈകൊണ്ട് ‘തമ്പ്സ് അപ്പ്’ കാണിക്കുന്നുണ്ട്.
പഴയ പെട്രോൾ പമ്പിന് സമീപമുള്ള ദേശീയപാതയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഈ വീഡിയോ വൈറലായതിനെ തുടർന്ന്, ഈ അഭ്യാസപ്രകടനത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.




