Crime

വിവാഹത്തലേന്ന് വീട്ടില്‍ പാട്ടും ഡാന്‍സും ; വരന്‍ മറ്റൊരു വീട്ടില്‍ കുത്തേറ്റ് മരിച്ചു കിടന്നു ; പിതാവ് അറസറ്റില്‍

ന്യൂഡല്‍ഹി: വിവാഹത്തലേന്ന് വീട്ടില്‍ മറ്റുള്ളവര്‍ ആഘോഷിക്കുമ്പോള്‍ വരന്‍ കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലെ സിംഗാള്‍ റസിഡന്‍സിയിലായിരുന്നു വിവാഹവീടിനെ പെട്ടെന്ന് ദു:ഖവീടാക്കി മാറ്റുന്ന സംഭവം ഉണ്ടായത്. പിറ്റേന്ന് നടക്കാനിരിക്കുന്ന വിവാഹചടങ്ങിന് എത്തിയവര്‍ കളിചിരികളിലും സംഗീത – നൃത്ത പരിപാടികളിലും മുഴുകിയപ്പോള്‍ വരന്‍ ഗൗരവ് സിംഗാളിനെ കാണാതാകുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ 29 കാരനെ അയാളുടെ തന്നെ മറ്റൊരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇയാളുടെ പിതാവ് അറസ്റ്റിലായി.

ശരീരത്തുടനീളം മുറിവുകളുമായി ഗൗരവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഗൗരവിന്റെ മറ്റൊരു വീട്ടില്‍ ഡസന്‍ കണക്കിന് കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. ഗൗരവിന്റെ പിതാവ് രംഗലാല്‍ സിംഗാളിനെ ജയ്പൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. മകന്‍ തന്നോട് ബഹുമാനം ഇല്ലാത്തവനാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഡെവില്‍ എക്‌സ്‌റ്റെന്‍ഷനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഗൗരവ് ഒരു ജിംനേഷ്യം ഓണര്‍ കൂടിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30 പോലീസിന് ഫോണ്‍കിട്ടുകയായിരുന്നു.

ഗൗരവിനെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ദീപക് എന്ന സുഹൃത്താണ് ഗൗരവിനെ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്്. ഗൗരവിന്റെ വിവാഹചടങ്ങുകള്‍ നടക്കുമ്പോള്‍ പ്രത്യേക പാര്‍ട്ടിക്കിടയിലാണ് ഇയാളെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടി എല്ലാവരും വീടു മുഴുവന്‍ അരിച്ചുപെറുക്കി. തെരച്ചിലിനിടിയില്‍ പ്രധാന വീടിനോട് ചേര്‍ന്നുള്ള ഗൗരവിന്റെ മറ്റൊരു വീട് പരിശോധിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്.

ഗേറ്റ് തുറന്നുകിടന്ന വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. കണ്ടെത്തമ്പോഴും ഇയാളുടെ ശരീരത്തില്‍ നിന്നും രക്തം പുറത്തേക്ക് വരുന്ന നിലയിലായിരുന്നു. ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റില്‍ ഇയാളെ തറയിലൂടെ വലിച്ചിഴച്ചതിന്റെ പാടുകള്‍ ഉണ്ടായിരുന്നു. ആക്രമണത്തിന് ശേഷം ഇയാളെ ഈ വീട്ടില്‍ കൊണ്ടിട്ട് പുറത്തുനിന്നും പൂട്ടിയിരിക്കാമെന്നാണ് സംശയിക്കുന്നത്.

കത്രികയ്ക്കായിരിക്കാം ഗൗരവിനെ കുത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ ഗൗരവിന്റെ പിതാവ് രംഗലാലിനായി പോലീസ് പലയിടത്തും അന്വേഷണം നടത്തി ഒടുവില്‍ ജെയ്പൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മകനുമായി താന്‍ അകന്നു കഴിയുകയായിരുന്നു എന്നും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മകന്‍ തന്നെ അപമാനിക്കുന്നത് പതിവായിരുന്നു എന്നും പിതാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ മൂന്നോ നാലോ പേര്‍ പങ്കാളികളായിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.