Oddly News

ആദ്യരാത്രിയില്‍ വധു ഒന്ന് ഛര്‍ദ്ദിച്ചു, പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ വരന്‍, പിന്നെ സംഭവിച്ചത് അടിയുടെ പൂരം

ഉത്തർപ്രദേശിലെ റാമ്പൂരിൽ ശനിയാഴ്ച വിവാഹരാത്രിയിൽ വധു ഒന്ന് ഛര്‍ദ്ദിച്ചു, പിന്നാലെ പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെട്ട് വരന്‍, പിന്നെ നടന്നത് അടിയുടെ പൊടിപൂരം.

കഴിഞ്ഞ ശനിയാഴ്ച നടന്ന വിവാഹാഘോഷത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലായിരിക്കുന്നത്. വിവാഹ രാത്രിയില്‍ വരന്‍, വധുവിനോട് പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടതാണ് ഇരുവീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തിലെത്തിച്ചത്. ഒടുവില്‍ വരന് പരസ്യമായി മാപ്പ് പറഞ്ഞ് തലയൂരി.

വിവാഹം കഴിഞ്ഞ് ഏറെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹ സംഘം വരന്റെ വീട്ടിലെത്തിയത്. പിന്നാലെ വധുവിന് തലക്കറവും ഛർദ്ദിയുമുണ്ടായി. ഇതോടെ വരന് ഒരു സംശയം. വിവാഹ ദിവസം തന്നെ വധു ഛര്‍ദ്ദിച്ചത് വരന്‍ സുഹൃത്തുക്കളുടെ ഇടയില്‍ ഒരു സംസാര വിഷയമായി. ഇതോടെ വരന്‍റെ സുഹൃത്തുക്കൾ വധുവിന് ഗര്‍ഭമാണെന്ന് തമാശയ്ക്ക് പറഞ്ഞത് വരനെ അസ്വസ്ഥനാക്കി. തുടര്‍ന്ന് ഇയാള്‍ അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഒരു ഗർഭ പരിശോധന കിറ്റ് വാങ്ങി.

വരന്റെ അപ്രതീക്ഷിത ആവശ്യം കേട്ട വധു സ്വന്തം വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഇതോടെ, അവരെല്ലാം വരന്റെ വീട്ടിലെത്തി. തുടര്‍ന്ന് രണ്ട് കുടുംബങ്ങൾക്കിടയിൽ രണ്ട് മണിക്കൂർ വലിയ വഴക്കുണ്ടായി. ഒടുവിൽ ഗ്രാമവാസികൾ ഇടപെട്ടു. മുതിർന്നവരുടെ സാന്നിധ്യത്തിൽ ഒരു പഞ്ചായത്ത് നടന്നു. എന്താണ് സംഭവിച്ചതെന്ന് വരൻ വിശദീകരിച്ചു. എല്ലാവരുടെയും മുന്നിൽ തന്റെ തെറ്റ് അദ്ദേഹം സമ്മതിച്ചു. ഇനി ഇങ്ങനെ പെരുമാറില്ലെന്ന് പറഞ്ഞതോടെ തർക്കം പരിഹരിച്ചു.