പണ്ടുകാലത്ത് പലകാരണങ്ങള്‍ക്കൊണ്ടും കുട്ടികളെ വേര്‍തിരിച്ചു കാണുന്ന അധ്യാപകര്‍ ധാരാളം ഉണ്ടായിരുന്നു. നിറത്തിന്റെ പേരില്‍, പണത്തിന്റെ പേരില്‍, സോഷ്യല്‍ സ്റ്റാറ്റസിന്റെ പേരില്‍, മാര്‍ക്കിന്റെ പേരില്‍ അങ്ങനെ കുറെ കാര്യങ്ങളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വേര്‍തിരിച്ചു കാണുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കാലം പോകുന്നതോറും അവക്കെല്ലാം ഒരുപാട് വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കാര്യം മറ്റൊന്നുമല്ല. ചൈനയിലെ ഒരു സ്‌കൂളില്‍ മാര്‍ക്കിന്റെ പേരില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണിത്. ഭക്ഷണവും മാര്‍ക്കും തമ്മില്‍ എന്ത് ബന്ധമെന്നല്ലേ? ബന്ധമുണ്ട് ക്ലാസിലെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക് മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തമായി അവര്‍ക്ക് ഉച്ചയ്ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. വിഭവസമൃദ്ധമായ ഭക്ഷണമാണ് തീന്‍മേശയില്‍ അവര്‍ക്കായി കരുതിയിരുന്നത്.
അതേസമയം ക്ലാസില്‍ ഏറ്റവും മാര്‍ക്ക് കുറഞ്ഞ കുട്ടികള്‍ ആകട്ടെ സാധാരണ ഊട്ടുപുരയില്‍ അവര്‍ കൊണ്ടുവന്ന ഭക്ഷണം കഴിച്ചു വിശപ്പ് അടയുന്നു. ഒരേ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു ഭക്ഷണത്തിന്റെ പേരിലെ വിവേചനത്തിന് ധാരാളം വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. എല്ലാ കുട്ടികളും ഇത് കണ്ട് നല്ല മാര്‍ക്ക് വാങ്ങി മുന്‍പിലേക്ക് വരാന്‍ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എല്ലാമാസവും ക്ലാസില്‍ ടെസ്റ്റ് സംഘടിപ്പിക്കാറുണ്ട് അതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിക്ക് ഇങ്ങനെ ഭക്ഷണം കൊടുക്കാറുണ്ട്. എല്ലായിപ്പോഴും ഒരേ കുട്ടി തന്നെയല്ല മുന്‍പില്‍ എത്തുന്നത് പലപല കുട്ടികള്‍ മാറിമാറി ഒന്നാം സ്ഥാനം കരസ്ഥമാക്കാറുണ്ട്. അടുത്തമാസവും തനിക്ക് തന്നെ ഫസ്റ്റ് വാങ്ങണം എന്നൊരു ചിന്ത വളര്‍ത്തിയെടുക്കാന്‍ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ പന്തിയില്‍ പക്ഷാഭേദം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വിമര്‍ശിച്ചത്. ഭക്ഷണത്തിന്റെ പേരില്‍ ഒരിക്കലും വിവേചനം കാണിക്കരുത് ഇതൊരു വിവേചനമായി തന്നെ കരുതാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പ്രവര്‍ത്തികള്‍ സ്‌കൂളില്‍ നിന്നു തന്നെ തുടച്ചുനീക്കണം എന്ന് ആളുകള്‍ ആവശ്യപ്പെട്ടു. കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയൊരു അന്തരം സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കൊണ്ട് സാധ്യമാകൂ എന്നും ആളുകള്‍ പറഞ്ഞു.