വിവാഹപ്രായം എത്താറാകുമ്പോള്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ ? എന്ന ചോദ്യം, പിന്നാലെ വീട്ടുകാരായി, ആലോചനയായി ബഹളമായി. എന്നാല്‍ അത്ര പെട്ടെന്നൊന്നും വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് സന്തോഷമേകുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുന്നവരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്റെ “Happy Ever After: A Radical New Approach to Living Well” എന്ന ബുക്കിലാണ് ദീര്‍ഘകാലത്തെ പഠനത്തിനുശേഷമുള്ള ഈ വിവരങ്ങളുള്ളത്. അമേരിക്കന്‍ ടൈം യൂസ് സര്‍വേ (ATUS) നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് പ്രൊഫസറുടെ ഈ കണ്ടെത്തല്‍. എന്നാല്‍ വിവാഹിതരല്ലാത്ത പുരുഷന്മാരെ അപേക്ഷിച്ച് വിവാഹിതരായ പുരുഷന്മാരാണ് ശാന്തരായി ജീവിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. വിവാഹിതരായ പുരുഷന്മാര്‍ ജീവിതത്തില്‍ വളരെ കുറച്ചു റിസ്‌ക് മാത്രമേ എടുക്കുന്നുള്ളൂവെന്നും അവര്‍ക്ക് കൂടുതല്‍ സമ്പാദിക്കാനുള്ള അവസരം ഉണ്ടാകുമെന്നും അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുകയും ചെയ്യുന്നുവെന്നും പഠനത്തില്‍ പറയുന്നു.
എന്നാല്‍ വിവാഹം കഴിക്കുന്ന സ്ത്രീകള്‍ വിവാഹിതരാകാത്തവരേക്കാള്‍ വേഗത്തില്‍ മരിക്കുന്നുവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. വിവാഹിതരായ സ്ത്രീകളുടെ സന്തോഷങ്ങള്‍ പലപ്പോഴും മുന്‍കാലങ്ങളിലെ ഓര്‍മ്മകളിലും, കിടപ്പ് മുറികളിലും ഒതുങ്ങി നില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു. വിവാഹിതരായ മധ്യവയസ്‌ക്കരായ സ്ത്രീകള്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും, മാനസിക പ്രശ്‌നങ്ങളും അനുഭവിക്കുന്നുവെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹിതരായവരും, കുട്ടികളുള്ളവരുമായ സ്ത്രീകളാണ് കൂടുതല്‍ സന്തോഷവതികളെന്ന സമൂഹിക നിയമം പലപ്പോഴും വിവാഹിതരല്ലാത്തവരെ പ്രശ്‌നത്തിലാഴ്ത്തുന്നുവെന്നും ഡോളന്‍ പറയുന്നു.
പ്രൊഫ. ഡോളന്റെ പുതിയ പുസ്തകത്തില്‍ വിവാഹിതരല്ലാത്തവരുടേയും വിവാഹിതരായവരുടേയും വേര്‍പിരിഞ്ഞവരുടേയും വിധവകളുടെയും സന്തോഷത്തെ കുറിച്ച് പഠനം നടത്തിയതിന്റെ സര്‍വ്വേ ഫലങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹിതരായ വ്യക്തികള്‍ പങ്കാളികളുടെ കൂടെയുള്ളപ്പോള്‍ മാത്രമാണ് സന്തുഷ്ടരായി കാണപ്പെടുന്നതെന്നും, വിവാഹിതരല്ലാത്തവര്‍ തങ്ങളുടെ കാമുകനോ കാമുകിയോ കൂടെയില്ലാത്തപ്പോഴും സന്തോഷമനുഭവിക്കുന്നവരാണെന്ന് പഠനം പറയുന്നു.