മാന്നാര്‍: ബുധനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ സെക്രട്ടറി അറസ്‌റ്റില്‍. ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ബുധനൂര്‍ വെളുത്തേടത്ത് പുത്തന്‍വീട്ടില്‍ അനീഷ(42)യെയാണ് അറസ്‌റ്റ് ചെയ്‌തത്.
2022ല്‍ അനീഷ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ബുധനൂര്‍ സ്വദേശി രാഹുല്‍ അഞ്ചേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വച്ചത്. കഴിഞ്ഞ മാസം സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബാങ്കില്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.
തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനൂര്‍ സഹകരണ ബാങ്കില്‍ പണയംവച്ച സ്വര്‍ണം ഉടമയുടെ സമ്മതമില്ലാതെ എണ്ണയ്‌ക്കാട്ടുള്ള മറ്റൊരു ബാങ്കില്‍ പണയംവച്ച് കൂടുതല്‍ പണം വാങ്ങിയതായി കണ്ടെത്തിയത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അനീഷയെ്‌ക്കതിരേ പോലീസ് കേസെടുത്തു.
പ്രതിയുമായി പോലിസ് എണ്ണയ്‌ക്കാട് ബാങ്കില്‍ എത്തി ഇതില്‍നിന്നു നാലുപവന്‍ സ്വര്‍ണം കണ്ടെത്തിയെങ്കിലും ഒരു പവന്‍ ഇനിയും കണ്ടെത്താനുണ്ട്. കൂടാതെ എണ്ണയ്‌ക്കാട് സ്വദേശി ഭാരതിയമ്മയുടെ മൂന്നര പവന്‍ സ്വര്‍ണം ഉടമയുടെ വ്യാജ ഒപ്പിട്ട് എടുത്ത് സ്വകാര്യ ബാങ്കില്‍ പണയംവച്ച സംഭവത്തിലും അനീഷയുടെ പേരില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. 2023ല്‍ ഇതേ പോലെ തന്നെ നിരവധി ആളുകള്‍ക്ക് സ്വര്‍ണ പണയം പണമടച്ചിട്ടും തിരികെ നല്‍കുന്നില്ലെന്നും സ്‌ഥിര നിക്ഷേപകരുടെ പണം പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ല എന്ന ആരോപണത്തിലും നിരവധി പ്രതിഷേധങ്ങള്‍ ബാങ്കിന് മുന്നില്‍ നടന്നിട്ടുണ്ട്. 2023ലെ സംഭവത്തില്‍ സ്വര്‍ണം പണയം വച്ചിരുന്നവര്‍ക്ക് പുതിയ സ്വര്‍ണം നല്‍കി പരിഹരിച്ചതായാണ് അറിയുന്നത്.
2023ല്‍ ബാങ്കില്‍ പുതിയ ഭരണസമിതി വന്നതിനുശേഷം നടന്ന ഓഡിറ്റിങ്ങിനെ തുടര്‍ന്ന് അനീഷയെ ബാങ്കില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു.
തിരിമറിയില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്‌ടര്‍ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ബുധനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസിന്റെ ഭാര്യയാണ് അറസ്‌റ്റിലായ അനീഷ.




