Sports

അവസാനമിനിറ്റില്‍ ഗോളിയെത്തി ഗോളടിച്ചു ; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ലാസിയോയ്ക്ക് സമനില സമ്മാനിച്ച് പ്രൊവെഡല്‍

ഉദ്ഘാടന മത്സരത്തില്‍ ഗോള്‍കീപ്പര്‍ അവസാന മിനിറ്റില്‍ ഗോളടിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ സമനിലയുമായി രക്ഷപ്പെട്ടു. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില ഓരോ ഗോളടിച്ചാണ് സമനിലയില്‍ കളി അവസാനിപ്പിച്ചത്.

ഇറ്റാലിയന്‍ ദേശീയ ടീമിന്റെ നായകനായ പ്രോവെഡല്‍ കളിയുടെ 95 ാം മിനിറ്റിലാണ് ടീമിന്റെ രക്ഷകനായത്. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ലൂയിസ് ആല്‍ബെര്‍ട്ടോയുടെ ക്രോസിലേക്ക് ഓടിയെത്തിയ പ്രോവെഡല്‍ ബോക്‌സിന്റെ ഒരു മൂലയില്‍ നിന്നും തൊടുത്ത മികച്ച ഒരു ഹെഡ്ഡര്‍ എതിര്‍ടീമിന്റെ പ്രതിരോധ നിരയേയൂം ഗോളി യാന്‍ ഒബ്‌ളാക്കിനെയും കബളിപ്പിച്ച് വലയില്‍ കയറി.

കളി തോല്‍ക്കുമെന്ന് ഉറപ്പിച്ചിരിക്കെ തങ്ങളുടെ നായകന്‍ സാധ്യത തീരെയില്ലാത്ത ഗോള്‍ നേടിയതോടെ ലാസിയോ കളിക്കാരെല്ലാം ആഹ്‌ളാദത്തിലായി. കളിയുടെ 29 ാം മിനിറ്റില്‍ പ്ബ്‌ളോ ബാരിയോസിന്റെ ഗോളില്‍ അത്ലറ്റിക്കോ ആദ്യ പകുതിയില്‍ ലീഡ് എടുത്തിരുന്നു. അര്‍ജന്റീനക്കാരന്‍ മൊളീനോ നല്‍കിയ പന്തായിരുന്നു ബാരിയോസ് വലയിലേക്ക് തൊടുത്തത്.

ലാസിയോയെ മത്സരത്തില്‍ നിലനിര്‍ത്താന്‍ പ്രൊവെഡല്‍ നിരവധി മികച്ച സേവുകളും നടത്തി. ഗോളോടെ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ നേടുന്ന നാലാമത്തെ വ്യത്യസ്ത ഗോള്‍കീപ്പറായി പ്രൊവെഡല്‍. ജര്‍മ്മനിയുടെ മൂന്‍ ഗോളി ജോര്‍ഗ് ബട്ട് ആണ് ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടുള്ള ഗോളി. 2000 നും 2009 നും ഇടയില്‍ മൂന്ന് പെനാല്‍റ്റി ഗോളുകള്‍ നേടിയിട്ടുണ്ട്. ബല്‍ജിയന്‍ ക്ലബ്ബ് ബെസ്‌റ്റെര്‍ലോയ്ക്ക് കളിച്ച തുര്‍ക്കി ഗോളി സിനാന്‍ ബോലാറ്റ് (ഡിസംബര്‍ 2009), ആഫ്രിക്കയിലെ ഏറ്റവും മികച്ച ഗോളിയെന്ന് ഖ്യാതിയുള്ള ഇസ്രായേല്‍ ക്ലബ്ബ ഹാപോല്‍ ടെല്‍ അവീവിന്റെ വിന്‍സെന്റ് എന്യേമ (സെപ്റ്റംബര്‍ 2010) എന്നിവര്‍ക്ക് ശേഷം ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടിയ ഗോളിയായിട്ടാണ് മാറിയത്.

എസെഡ് അല്‍ക്മാറിനെതിരെ സ്റ്റാന്‍ഡേര്‍ഡ് ലീഗിനായി ഗോള്‍ നേടിയ ബോലാറ്റിന് ശേഷം ആദ്യ മത്സരത്തില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ ഗോള്‍കീപ്പര്‍ ആയിട്ടാണ് പ്രോവഡെല്‍ മാറിയത്.