Travel

ഈ ബീച്ചില്‍ മണലിന് പകരം കുപ്പിച്ചില്ലുകള്‍, നിങ്ങള്‍ കണ്ടിട്ടുണ്ടോ ഗ്ലാസ് ബീച്ച്?

കാലിഫോര്‍ണിയയിെല ഏറ്റവും വലിയ ആകര്‍ഷണം എന്താണ് എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ഗ്ലാസ് ബീച്ച് എന്നു തന്നെയായിരിക്കും. കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് ബ്രാഗിനടുത്താണ് ഗ്ലാസ് ബീച്ച് ഉള്ളത്. വര്‍ണാഭമായ മിനുസമാര്‍ന്ന ഗ്ലാസ് കല്ലുകൊണ്ട് പൊതിഞ്ഞ ബീച്ചാണ് ഇത്. മണല്‍ത്തീരത്തിന് പകരം ഗ്ലാസ് കല്ലുകളാണ് ഈ ബീച്ചില്‍.

ഇപ്പോള്‍ അങ്ങേയറ്റം മനോഹരമായ ഈ ബീച്ച് 1906-ല്‍ ഒരു മാലിന്യ കൂമ്പാരമായിരുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?. ഇവിടെ ഗ്ലാസും ലോഹങ്ങളും ചേര്‍ന്നുള്ള മാലിന്യ കൂമ്പാരമായിരുന്നു ഇവിടം. 1967-ല്‍ സൈറ്റ് 1, 2,3 എന്നിങ്ങനെ മൂന്ന് ഡംപ് സൈറ്റുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ജൈവ മലിന്യങ്ങള്‍ എല്ലാം കടല് എടുത്തിരുന്നു. വിവിധ പദ്ധതികള്‍ക്കായി ഇവിടെ നിക്ഷപിക്കപ്പെട്ട ലോഹങ്ങളും പുനര്‍നിര്‍മിക്കപ്പെട്ടു.

ഒടുവില്‍ ഗ്ലാസും സെറാമികും മാത്രമായി. വര്‍ഷങ്ങളായി തിരമാലകള്‍ വന്ന് അടിച്ച് ഈ ഗ്ലാസുകളും സെറാമിക്കുകളും രൂപാന്തരം പ്രാപിച്ച് മിനുസമുള്ള ഗ്ലാസ് കല്ലുകളായി മാറി. അത് കാഴ്ചക്കാര്‍ക്ക് ലഭിക്കുന്ന അനുഭവം കൂടുതല്‍ മികച്ചതാക്കി. ഇന്ന് ഗ്ലാസ് ബീച്ച് ഒരു സംരക്ഷിത പ്രദേശമാണ്. ഓരോവര്‍ഷവും ആയിരക്കണക്കിനാളുകള്‍ ഇവിടെ സന്ദര്‍ശിക്കാനായി എത്തുന്നു. എന്നാല്‍ സന്ദര്‍ശകരില്‍ പലരും ഈ മനോഹരമായ ഗ്ലാസുകള്‍ കൊണ്ടുപോകുന്നത് ഒരു പ്രതിസന്ധിയാണ്.