ലോകമെമ്പാടുമുള്ള കമിതാക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിനമാണ് വാലെന്റൈൻസ് ഡേ . പരസ്പരം സ്നേഹം പങ്കിട്ടും ഒന്നിച്ചു സമയം ചിലവഴിച്ചു സമ്മാനങ്ങൾ വാങ്ങി നൽകിയുമാണ് ഭൂരിഭാഗപേരും ഈ ദിനം ആഘോഷമാക്കുന്നത്. എന്നാൽ ഇന്ത്യയുടെ പലഭാഗത്തും വിവാഹത്തിന് മുൻപുള്ള പ്രണയം എന്ന ആശയം അധികം ആരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ വാലെന്റൈൻസ് ഡേയ്ക്ക് ഇന്ത്യയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഒരു പ്രത്യേക ആവേശമുണ്ട്. കാരണം മറ്റു സമയങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ട് തന്നെ പല യുവ പ്രേമികളും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഈ ദിനം കണ്ടെത്തുന്നു. അവരുടെ പങ്കാളികളെ രഹസ്യമായി കണ്ടുമുട്ടുകയും അല്ലെങ്കിൽ സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത് ഈ ദിനത്തിലാണ്.
എന്നിരുന്നാലും, എല്ലാ രഹസ്യ മീറ്റിംഗുകളും ആസൂത്രണം ചെയ്തതുപോലെ നടക്കണമെന്നില്ല -ചിലപ്പോൾ, കുടുംബാംഗങ്ങളാൽ പിടിക്കപ്പെട്ടെന്നുവരും.. ഇത്തരം നിമിഷങ്ങൾ രസകരമോ അല്ലെങ്കിൽ ഞെട്ടിപ്പിക്കുന്നതോ ആയ സംഭവങ്ങള്‍ക്ക് വഴിത്തിരിവായെന്നു വരാം.
ഏതായാലും അത്തരത്തിലുള്ള ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എക്സിൽ വൈറലായ വീഡിയോയിൽ വീടിന്റെ ടെറസ്സിന് മുകളിൽ വെച്ച് ഒരു പെൺകുട്ടിയെ അവളുടെ കാമുകനോടപ്പം കയ്യോടെ അമ്മ പിടികൂടുകയും തുടർന്ന് ഇരുവരെയും ചെരുപ്പിനടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണിത്. വീഡിയോ കണ്ട് പലരും പൊട്ടിച്ചിരിച്ചു.
“ഘർ കേ കലേഷ്” എന്ന എക്സ് അക്കൗണ്ടിലൂടെയാണ് വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. “വാലെന്റൈൻസ് ദിനത്തിൽ തന്റെ മകളെ കാമുകനൊപ്പം പിടിക്കുന്നതിലുള്ള അമ്മയുടെ രോഷം ” എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ പെൺകുട്ടി ടെറസ്സിന്റെ മുകളിൽ ആകെ പരിഭ്രാന്തിയിലായി നിൽക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത് പെൺകുട്ടിയുടെ അമ്മ ആരെയോ തിരയുന്ന പോലെ സംശയത്തോടെ ചുറ്റും നോക്കുന്നത് കാണാം. നിമിഷങ്ങൾക്കുശേഷം, അമ്മ സമീപത്ത് മറഞ്ഞിരിക്കുന്ന ഒരു ആൺകുട്ടിയെ വലിച്ചിറക്കുകയും ,കാലിലെ ചെരുപ്പൂരി ആൺകുട്ടിയെ അടിക്കുന്നതും അവൻ ഓടി രക്ഷപ്പെടുന്നതുമാണ് കാണുന്നത്. കാമുകൻ രക്ഷപ്പെട്ടയുടനെ, അമ്മ തന്റെ ദേഷ്യം മകൾക്ക് നേരെ തിരിക്കുന്നു, അവളെയും ചെരിപ്പുകൊണ്ട് അമ്മ അടിക്കുന്നതാണ് തുടർന്ന് കാണുന്നത്.
അയൽവാസിയാണ് മറ്റൊരു ടെറസിൽ നിന്ന് ഈ രംഗങ്ങൾ രഹസ്യമായി റെക്കോർഡുചെയ്‌തത്, വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് രസകരമായ കമന്റുമായി രംഗത്തെത്തിയത്. ഈ സംഭവം എപ്പോൾ, എവിടെയാണ് നടന്നത് എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, വൈറലായ വീഡിയോ ഫെബ്രുവരി 14-ന് X-ൽ അപ്‌ലോഡ് ചെയ്തതോടെ സംഭവം , ഹിറ്റായി മാറി. വീഡിയോ ഇതിനകം 100,000-ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.