ടിക് ടോക് അനുയായികള്‍ക്ക് വേണ്ടി വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് കൗമാരക്കാരി വെള്ളത്തില്‍ വീണ ഒഴുകിപ്പോയി രണ്ടു പാറകള്‍ക്കിടയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തെക്ക് കിഴക്കന്‍ മ്യാന്‍മറിലെ സിനിവ വെള്ളച്ചാട്ടത്തില്‍ ജൂലൈ 22 ന് ഉണ്ടായ സംഭവത്തില്‍ മരണമടഞ്ഞത് ടിക്‌ടോക്ക് ഇന്‍ഫ്‌ളുവന്‍സറായ 14 വയസ്സുള്ള മോ സാ നെയ് ആണ് മരിച്ചത്.
തന്റെ ഒന്നരലക്ഷം അനുയായികള്‍ക്ക് പുതുമയുള്ള ഒരു സെല്‍ഫി നല്‍കാനുള്ള ശ്രമമാണ് നെയ് യുടെ മരണത്തില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയ ഫോളോവേഴ്സിനെ സന്തോഷിപ്പിക്കാന്‍ സുഹൃത്തുക്കളുമായി സ്നാപ്പുകള്‍ക്ക് പോസ് ചെയ്യുമ്പോള്‍ നെയ് അതിശക്തമായ ഒഴുക്കില്‍ പെടുകയും ശരീരം രണ്ട് വലിയ പാറകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ സന്നദ്ധപ്രവര്‍ത്തകരും അഗ്‌നിശമന സേനാംഗങ്ങളും പാറക്കെട്ടുകളില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു.
കൈകളില്‍ കയറുകൊണ്ട് കെട്ടി വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയ പെണ്‍കുട്ടിയെ പെട്ടെന്ന് ഒഴുക്ക് കൊണ്ടുപോകുകയായിരുന്നു. കാല്‍ വഴുതി താഴെയെത്തിയെങ്കിലും പാറകള്‍ക്കിടയില്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകന്‍ മോണ്‍ സാവ് പറഞ്ഞു. കല്ലുകള്‍ക്ക് ഇടയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെയായിപ്പോകുകയായിരുന്നു. ആള്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കാന കഴിഞ്ഞില്ല.
രക്ഷാശ്രമത്തിനിടയില്‍ വെള്ളച്ചാട്ടത്തില്‍ തെന്നി വീണ സുഹൃത്തിന് നിസാര പരിക്കേറ്റു. സാമൂഹ്യമാധ്യമങ്ങളില്‍ താരമാകാന്‍ നടത്തുന്ന ശ്രമങ്ങളില്‍ അപകടത്തില്‍പെടുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഏതാനും നാളായി പതിവാണ്. ഏപ്രിലിലാണ് ജോര്‍ജിയയിലെ ക്ലിഫ്ടോപ്പ് പനോരമിക് വ്യൂവിംഗ് പ്ലാറ്റ്ഫോമില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ 39 കാരിയായ ബ്യൂട്ടീഷ്യന്‍ 170 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചത്.