Fitness

കുടവയറുണ്ടോ? ജപ്പാന്‍കാരുടെ ഈ സീക്രിട്ട് വാട്ടര്‍ ഒന്ന് കുടിച്ച് നോക്കൂ, തയാറാക്കേണ്ടത് ഇങ്ങനെ

ജപ്പാന്‍കാരുടെ പ്രത്യേകതയാണ് അവരുടെ ഫിറ്റ്‌നസുള്ള ശരീരം. കുടവയറുള്ള ഒരാളെയും നമുക്ക് അവിടെ കാണാനായി സാധിക്കില്ല. ആരോഗ്യഗുണങ്ങളുള്ള ഒരു സീക്രട്ട് വാട്ടറാണ് അവരുടെ ഫിറ്റ്‌നസിന്റെ രഹസ്യം. ഇഞ്ചിയും നാരങ്ങയും ഉപയോഗിച്ചുണ്ടാക്കുന്ന പാനീയം വയറിലെ കൊഴുപ്പ് കുറയ്ക്കുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിന് പുറമേ ചര്‍മം തിളങ്ങാനും സഹായിക്കുന്നുണ്ട്.

ഈ പാനീയത്തിലടങ്ങിയ ഇഞ്ചി കൊഴുപ്പിനെ കുറയ്ക്കുന്നു. ജിഞ്ചെറോള്‍ എന്ന സംയുക്തം ധാരാളം അടങ്ങിയ ഇഞ്ചി ഉപാപചയപ്രവർത്തനം വര്‍ധിപ്പിക്കുന്നു. വയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു. ആന്റിഒക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയ നാരങ്ങവെള്ളവും കൊഴുപ്പിന്റെ തന്മാത്രകളെ വിഘടിപ്പിക്കുന്നു. രക്തത്തിലെ കൊഴുപ്പ് കുറയ്ക്കാനായി ഈ പാനീയം സഹായിക്കും. ട്രൈഗ്ലിസറൈഡ്, ടോട്ടല്‍ കൊളസ്‌ട്രോള്‍ ഇവ രണ്ടും കുറയ്ക്കാനായി ഇഞ്ചിനാരങ്ങാ പാനീയത്തിന് കഴിവുണ്ട്.

രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും. ദിവസവും ഈ പാനീയം കുടിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുന്നു. ഇഞ്ചിയും നാരങ്ങയും അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്ന എന്‍സൈമുകള്‍ ധാരളമുണ്ട്. മലബന്ധം, അസിഡിറ്റി എന്നിവ തടയുന്നു. രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കും. ഈ പാനീയം കുടിക്കുമ്പോള്‍ സന്ധിവേദന, വീക്കം, തണുപ്പുകാലത്തെ വേദനകള്‍ എന്നിവയും മാറും. ഇതിലെ വൈറ്റമിന്‍ സി അഴുക്കുകള്‍ അകറ്റി ചര്‍മം തിളങ്ങാനായി സഹായിക്കുന്നു.

ഈ പാനീയം തയ്യാറാക്കുന്നതിനായി ഒരിഞ്ച് നീളമുള്ള ഇഞ്ചി ഒന്നര കപ്പ് വെള്ളത്തില്‍ 5 മിനിറ്റ് തിളപ്പിക്കുക. പിന്നീട് ഈ വെള്ളം തണുക്കാനായി അനുവദിക്കുക. ഇളം ചൂടാകുമ്പോള്‍ അരമുറി നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കണം. നന്നായി ഇളക്കുക. ഏത് സമയത്തും ഈ പാനീയം കുടിക്കാം. എന്നാൽ ഇത് രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ ഗുണങ്ങൾ ലഭിക്കാൻ നല്ലത്.