സാൻ ഫ്രാൻസിസ്കോയിൽ നടന്ന 52-ാമത് വേൾഡ് ചാംപ്യൻഷിപ്പ് പംകിൻ വെയ്-ഓഫിൽ (World Championship Pumpkin Weigh-Off) മത്സരത്തിൽ ഒരു കാലിഫോർണിയൻ എഞ്ചിനീയർ ഒന്നാം സമ്മാനം നേടി.
2,346 പൗണ്ട് (1,064 കിലോഗ്രാം) ഭാരമുള്ള ഈ ഭീമാകാരമായ മത്തങ്ങയ്ക്ക് ഏകദേശം ഒരു ചെറിയ കാറിന്റെയോ വലിയ കാട്ടുപോത്തിന്റെയോ വലുപ്പമുണ്ട്. റിവിയൻ ഓട്ടോമോട്ടീവിലെ മാനുഫാക്ചറിംഗ് എഞ്ചിനീയറായ ബ്രാൻഡൻ ഡോസൺ തിങ്കളാഴ്ച ഹാഫ് മൂൺ ബേയിൽ നടന്ന 52-ാമത് വേൾഡ് ചാംപ്യൻഷിപ്പ് പംകിൻ വെയ്-ഓഫിൽ വിജയിച്ചു. കഴിഞ്ഞ വർഷം, വെറും 6 പൗണ്ടിന്റെ കുറവിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനമേ നേടാൻ സാധിച്ചുള്ളൂ. ഈ വർഷം, അതിലും വലിയ ഒരു മത്തങ്ങയുമായി അദ്ദേഹം മടങ്ങിയെത്തി, ഇത്തവണ വിജയിക്കുകയും ചെയ്തു.
ചാമ്പ്യനായി കിരീടം ചൂടിയ ശേഷം ഡോസൺ കൈകളുയർത്തി ആഹ്ലാദം പ്രകടിപ്പിക്കുകയും തന്റെ 2 വയസ്സുള്ള മകനെയും 4 വയസ്സുള്ള മകളെയും ഭീമൻ മത്തങ്ങയുടെ മുകളിൽ ഇരുത്തി വിജയം ആഘോഷിക്കുകയും ചെയ്തു. ഇത്രയും വലിയ മത്തങ്ങ വളർത്താൻ തന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം സഹായിച്ചുവെന്ന് ഡോസൺ പറയുന്നു. ശ്രദ്ധയോടെയുള്ള വെള്ളം നൽകൽ, സൂര്യപ്രകാശം, നിരീക്ഷണം എന്നിവയിലൂടെ ദിവസം 70 പൗണ്ട് വരെ ഭാരം വർധിക്കുന്ന മത്തങ്ങ വളർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.”ഞങ്ങൾ പാടത്ത് സമയം ചെലവഴിക്കാനും മത്തങ്ങ വളരുന്നത് കാണാനും ഇഷ്ടപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
17 ലക്ഷം രൂപ വിലമതിക്കുന്ന മത്തങ്ങ
ഏറ്റവും വലിയ മത്തങ്ങ വളർത്തിയതിന് ഡോസണ് 20,000 ഡോളർ (ഏകദേശം 17,75,826 ഇന്ത്യൻ രൂപ) പണമായി സമ്മാനം ലഭിച്ചു. ഇതേ മത്സരത്തിൽ മിനസോട്ടയിലെ ഹോർട്ടികൾച്ചർ അദ്ധ്യാപകനായ ട്രാവിസ് ഗീംഗർ 2,749 പൗണ്ട് ഭാരമുള്ള മത്തങ്ങയുമായി ലോക റെക്കോർഡ് തകർത്ത് വിജയിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് ഡോസന്റെ ഈ വിജയം.
നിർഭാഗ്യവശാൽ, മത്തങ്ങയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഗീംഗറിന് ഈ വർഷം മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഈ മാസം ആദ്യം ഇംഗ്ലണ്ടിലെ രണ്ട് സഹോദരങ്ങൾ 2,819 പൗണ്ട് (1,278 കിലോഗ്രാം) ഭാരമുള്ള ഒരു മത്തങ്ങ വളർത്തി ലോക റെക്കോർഡ് തകർത്തിരുന്നു. ഡോസന്റെ മത്തങ്ങ ലോക റെക്കോർഡ് തകർത്തില്ലെങ്കിലും, ഈ വർഷത്തെ ഹാഫ് മൂൺ ബേ മത്സരത്തിലെ ഏറ്റവും വലുത് ഇതായിരുന്നു. എഞ്ചിനീയറിംഗും കുടുംബ വിനോദവും മത്തങ്ങാപ്പാടത്ത് സമന്വയിപ്പിച്ച ഈ കാലിഫോർണിയൻ അച്ഛന് ഇതൊരു വലിയ വിജയമാണ്.




