ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പാമ്പാണ് അനക്കൊണ്ട. അനക്കൊണ്ട എന്ന പേരുകേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും പേടിയാണ്. കാരണം ഇവയുടെ രൂപം പോലും ആരെയും അമ്പരപ്പിക്കുന്നതാണ്.
അനക്കോണ്ടകളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും, യഥാർത്ഥത്തിൽ അവ പല തരത്തിലുണ്ടെന്നുള്ള കാര്യം പൊതുവെ അധികമാർക്കും അറിയില്ല. കാരണം കാലക്രമേണയാണ് ഇവയുടെ പുതിയ സ്പീഷിസുകളെ ശാസ്ത്രലോകം കണ്ടെത്തിയത്.
ഇതിനിടയിലാണ് അടുത്തിടെ, ആമസോൺ മഴക്കാടുകളിൽ ഒരു ഭീമാകാരമായ അനക്കോണ്ടയെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വനത്തിനുള്ളിലെ കനാലിലൂടെ നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് പകർത്തപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവിശ്വസനീയമായ ഈ ദൃശ്യങ്ങൾ ആമസോണിൽ മറഞ്ഞിരിക്കുന്ന നിഗൂഢവും വന്യവുമായ ജീവികളെ ഒരിക്കൽ കൂടി ലോകത്തിനുമുന്നിൽ തുറന്നു കാണിച്ചിരിക്കുകയാണ്.
ഡോ. ശീതൾ യാദവ് എന്ന വ്യക്തിയാണ് എട്ട് സെക്കന്റ് മാത്രമുള്ള വീഡിയോ എക്സിൽ പങ്കിട്ടത്. വീഡിയോയിൽ ഒരു വലിയ കറുത്ത അനക്കോണ്ട വെള്ളത്തിലൂടെ സഞ്ചരിക്കുന്നതാണ് കാണുന്നത്., ഇത്രയേറെ ഉയരത്തിൽ നിന്നു ചിത്രീകരിച്ചിട്ടും പാമ്പ് വളരെ ഭീമകരമായിട്ടാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ യഥാർത്ഥത്തിലുള്ള വലുപ്പം എത്രയായിരിക്കും എന്നുള്ളതാണ് ആളുകളെ പലരേയും അമ്പരപ്പിച്ചത്.
പാമ്പിന്റെ ദൃശ്യം ഓൺലൈനിൽ നിരവധി പ്രേക്ഷകരെ ഞെട്ടിച്ചെങ്കിലും ഇത് ഏത് തരം അനക്കൊണ്ടയാണെന്നോ അതിന്റെ കൃത്യമായ വലിപ്പമോ തൂക്കമോ ഇനമോ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഈ വർഷമാദ്യം നോർത്തേൺ ഗ്രീൻ അനക്കോണ്ട എന്നറിയപ്പെടുന്ന ഒരു പുതിയ തരം അനക്കോണ്ടയെ ഗവേഷകർ കണ്ടെത്തിയിരുന്നു. 26 അടി (ഏകദേശം 8 മീറ്റർ) നീളമാണ് ഇവയ്ക്കുള്ളത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളമുള്ള അനക്കൊണ്ടയാണിത്. ആമസോൺ മഴക്കാടുകളുടെ മറ്റൊരു ഭാഗത്തുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ പാമ്പിനെ കണ്ടെത്തിയത്. പര്യവേഷണത്തിൻ്റെ ഭാഗമായിരുന്ന പ്രൊഫസർ ഫ്രീക് വോങ്കാണ് അനക്കൊണ്ടയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ഈ കണ്ടുപിടിത്തം ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുകയും ആമസോണിലെ നിബിഡവും നിഗൂഢവുമായ കാടുകളിൽ എത്രയോ അജ്ഞാത ജീവികൾ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.