‘വാങ്ങുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവന്‍ അറിയുന്നില്ല.’ ശവപ്പെട്ടിയെക്കുറിച്ച് പരമ്പരാഗതമായി പറഞ്ഞുകേള്‍ക്കുന്ന വിശേഷണങ്ങളില്‍ ഒന്ന് ഇങ്ങിനെയാണ്. എന്നാല്‍ ഘാനയില്‍ സംസ്‌ക്കാര ചടങ്ങിനായി ഉപയോഗിക്കുന്ന ശവപ്പെട്ടികള്‍ മരണപ്പെട്ടയാളുടെ ജീവിതം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ലക്ഷ്യമിട്ട് അനേകം ഫാന്റസി ഉള്‍ക്കൊളളുന്നവയാണ്.
വിവിധ ഡിസൈനുകളില്‍ വര്‍ണ്ണാഭമായും ഫാന്റസിയിലും നിര്‍മ്മിക്കുന്ന ശവപ്പെട്ടികള്‍ സംസ്‌ക്കാര ചടങ്ങിനെ ആകര്‍ഷണീയമായി മാറ്റും. ഈ ശവപ്പെട്ടികളുടെ രൂപകല്‍പ്പന തന്നെ വ്യത്യസ്തമാണ്. പിങ്ക് മത്സ്യം, വര്‍ണ്ണാഭമായ മയില്‍, ദേശീയ പതാകയുടെ ചിത്രമുള്ള വിമാനവുമെല്ലാം ഘാനയിലെ ‘ഫാന്റസി കോഫിനുകള്‍’ അഥവാ ‘അബെബുവോ’ എന്നറിയപ്പെടുന്ന ശവപ്പെട്ടികളുടെ രൂപമാണ്.
മരിച്ചയാളെ അടക്കാന്‍ മാത്രമല്ല, അവരുടെ ജീവിതത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നതാകണം ഓരോ ശവപ്പെട്ടിയും. ഒരു കര്‍ഷകനെ അടക്കം ചെയ്യാന്‍ കാറിന്റെ ആകൃതിയിലുള്ള ശവപ്പെട്ടി ഉപയോഗിക്കില്ല, പകരം അദ്ദേഹം ഉപയോഗിച്ച ഉപകരണങ്ങളുടെയോ കൃഷി ചെയ്ത വിളകളുടെയോ രൂപത്തിലായിരിക്കും ശവപ്പെട്ടി. മരിച്ചവര്‍ ബാക്കിവെച്ചുപോയ അവസാന സന്ദേശംപോലെ. ലളിതമായ മരപ്പെട്ടിക്ക് പകരം വര്‍ണ്ണാഭമായ ഈ ‘ഫാന്റസി കോഫിനുകള്‍’ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍, അവരെ എങ്ങനെ ആദരിക്കണമെന്ന് തീരുമാനിക്കാന്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടും. അവര്‍ ഒരു ആശാരിയുടെ അടുത്ത് പോവുകയും, കൃത്യമായ രൂപകല്‍പ്പന മനസ്സില്‍ കണ്ടോ, അല്ലെങ്കില്‍ ആശാരിയുടെ സഹായം തേടിയോ അവര്‍ക്ക് ഉചിതമായ ഒരു സ്മാരകം ഉണ്ടാക്കിയെടുക്കുന്നു. ഓരോ വ്യക്തിയെയും ആശ്രയിച്ചാണ് രൂപകല്‍പ്പന തിരഞ്ഞെടുക്കുന്നത്. ഒരു മീന്‍ വ്യാപാരിയെ അടക്കം ചെയ്യുമ്പോള്‍, അയാള്‍ വിറ്റിരുന്ന മത്സ്യത്തിന്റെ രൂപത്തിലുള്ള ശവപ്പെട്ടി ഉണ്ടാക്കുന്നു.
സിംഹത്തിന്റെ രൂപത്തിലുള്ള ശവപ്പെട്ടികള്‍ തലവന്മാര്‍ക്ക് മാത്രമുള്ളതാണ്, കാരണം സിംഹം അധികാരത്തിന്റെ പ്രതീകമാണ്. അക്രയിലെ ലബാഡി എന്ന സ്ഥലത്ത്, രാജകുടുംബങ്ങള്‍ക്ക് അവരുടെ ചിഹ്നമായ പൂവന്‍കോഴിയുടെ രൂപത്തിലുള്ള ശവപ്പെട്ടി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഒരു പ്രത്യേക ശവപ്പെട്ടിക്ക് ആര്‍ക്കാണ് അവകാശം എന്ന് തീരുമാനിക്കുന്നത് ഏകപക്ഷീയമല്ല, അത് വ്യക്തിയുടെ സ്വത്വം, തൊഴില്‍, പദവി എന്നിവയെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഇതിന്റെ വില 700 ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. ഉപയോഗിക്കുന്ന മരത്തിന്റെ തരത്തെയും രൂപകല്‍പ്പനയുടെ സങ്കീര്‍ണ്ണതയെയും ആശ്രയിച്ചിരിക്കും വില. ഘാനയിലെ ശവസംസ്‌കാര ചടങ്ങുകളും വളരെ വര്‍ണ്ണാഭമാണ്. മരണപ്പെട്ടുപോയ ആളെ ആദരിക്കുന്നതിനുള്ള അവസാന അവസരമായാണ് ഇതിനെ കാണുന്നത്. അതുകൊണ്ടുതന്നെ സംഗീതവും നൃത്തവും സാംസ്‌കാരിക പൈതൃകങ്ങളും ഉള്‍ക്കൊള്ളുന്ന ചടങ്ങുകള്‍ക്കായി അവര്‍ ഒരു ചെലവും ഒഴിവാക്കാറില്ല.
പ്രിയപ്പെട്ടവരെ ഫാന്റസി ശവപ്പെട്ടികളില്‍ അടക്കം ചെയ്യുന്ന രീതി ഗാ ജനതയില്‍ തുടങ്ങിയതാണെങ്കിലും, അത് ഇപ്പോള്‍ ഘാനയിലെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബങ്ങള്‍ ‘ഫാന്റസി കോഫിനുകള്‍’ ആദരവായി കാണുമ്പോള്‍, ശേഖരിക്കുന്നവര്‍ അതിനെ ഒരു കലാരൂപമായാണ് കാണുന്നത്.




