Sports

ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ

ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ?

ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് 4-1 നായിരുന്നു. ലോകകപ്പില്‍ ജപ്പാനോട് തോറ്റ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് ജര്‍മ്മനിയുടെ ആത്മവിശ്വാസം അപ്പാടെ തകര്‍ത്തിരിക്കുകയാണ് എന്ന് സൂചന നല്‍കുന്നതായിരുന്നു ഫലം.

ലോകകപ്പിന് ശേഷം കളിച്ച അഞ്ചില്‍ നാലു മത്സരത്തിലും ജര്‍മ്മനിയ്ക്ക് തോല്‍വിയായിരുന്നു ഫലം. അടുത്ത മത്സരത്തില്‍ ഫ്രാന്‍സിനോടാണ് ജര്‍മ്മനി കളിക്കാന്‍ പോകുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ടീമിനോടാണ് അവര്‍ ഏറ്റുമുട്ടാന്‍ പോകുന്നത്.

”നമ്മുടെ പ്രതിരോധ സ്വഭാവം മെച്ചപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ടീമാണ് ഫ്രാന്‍സ്. അവര്‍ക്ക് പരിവര്‍ത്തനത്തില്‍ അവിശ്വസനീയമാംവിധം വേഗതയേറിയ കളിക്കാര്‍ ഉണ്ട്. അശ്രദ്ധമായി പന്ത് നഷ്ടപ്പെടുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ജപ്പാനെതിരെ ഞങ്ങള്‍ അനുഭവിച്ചു. ഞങ്ങളുടെ മനസ്സില്‍ കുറച്ച് ആശയങ്ങളുണ്ട്, പക്ഷേ എനിക്ക് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി ഒന്നും പറയാന്‍ കഴിയില്ല, ”വോളര്‍ പറഞ്ഞു.

ഫ്രാന്‍സിനെതിരേയുള്ള മത്സരം തന്നെ സംബന്ധിച്ചിടത്തോളം ഒറ്റത്തവണയുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അതിന് ശേഷം പുതിയ പരിശീലകനെ എനിക്ക് കഴിയുന്ന രീതിയില്‍ പിന്തുണയ്ക്കാന്‍ ഞാന്‍ ശ്രമിക്കും. നാളത്തെ കളി എന്തായാലും, താരതമ്യേന വേഗത്തില്‍ പിന്‍ഗാമിയെ കണ്ടെത്തേണ്ടത് പ്രധാനമാണ്. അതായിരിക്കും പ്രധാന കര്‍ത്തവ്യം.” വോളര്‍ പറയുന്നു.