Sports

ഇന്ത്യയോട് തകർന്ന് പാകിസ്ഥാൻ; സ്പിന്നർമാരെ പഴിചാരി നായകൻ സൽമാൻ അലി ആഗ!

കൊളംബോയിൽ ഞായറാഴ്ച നടന്ന 2026 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ . 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായതോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കവെ, തങ്ങളുടെ ബൗളർമാർക്ക് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ആഗ സമ്മതിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ബാറ്റർമാരുടെ ജാഗ്രതയില്ലാത്ത സമീപനത്തെയും അദ്ദേഹം വിമർശിച്ചു.

തങ്ങളുടെ സ്പിന്നർമാർക്ക് മോശം ദിവസമായിരുന്നുവെന്നും പലയിടത്തും കൃത്യത കുറഞ്ഞുവെന്നും ആഗ പറഞ്ഞു. എങ്കിലും കഴിഞ്ഞ ആറ് മാസമായി മികച്ച പ്രകടനം നടത്തുന്ന സ്പിന്നർമാരിൽ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിിച്ചേർത്തു. ആദ്യ ഇന്നിങ്സിൽ പന്ത് പിച്ചിൽ പിടിച്ചുനിൽക്കുന്നുണ്ടായിരുന്നുവെങ്കിലും രണ്ടാമത്തെ ഇന്നിങ്സിൽ പിച്ച് കൂടുതൽ ബാറ്റിങ്ങിന് അനുകൂലമായിരുന്നു.

പവർപ്ലേയിൽ തന്നെ കൂടുതൽ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ഇത്തരം വലിയ മത്സരങ്ങളിൽ വികാരങ്ങൾ എപ്പോഴും ഉയർന്നുനിൽക്കുമെന്നും അത് കൈകാര്യം ചെയ്യാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം നടക്കുന്ന അടുത്ത മത്സരം ജയിച്ച് സൂപ്പർ എട്ടിൽ കടക്കാനാണ് ഇനി തങ്ങളുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനത്തിന്റെ (77) കരുത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസ് പിന്തുടർന്ന പാകിസ്ഥാന്റെ തുടക്കം തന്നെ പാളി. ഹാർദിക് പാണ്ഡ്യയുടെ ആദ്യ ഓവറിൽ തന്നെ സാഹിബ്‌സാദ ഫർഹാൻ പൂജ്യത്തിന് പുറത്തായി. തൊട്ടുപിന്നാലെ ജസ്പ്രീത് ബുംറയുടെ പന്തിൽ സയിം അയൂബ് (6) കൂടി പുറത്തായതോടെ പാകിസ്ഥാൻ 6-2 എന്ന നിലയിലായി. ക്യാപ്റ്റൻ സൽമാൻ ആഗയും (4) ബുംറയ്ക്ക് മുന്നിൽ കീഴടങ്ങിയതോടെ പാകിസ്ഥാൻ 13-3 എന്ന ദയനീയാവസ്ഥയിലേക്ക് വീണു. അഞ്ചാം ഓവറിൽ ബാബർ അസമിനെ (5) അക്സർ പട്ടേൽ ബൗൾഡാക്കിയതോടെ പാകിസ്ഥാൻ 34-4 എന്ന നിലയിൽ തകർന്നു.

34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ പൊരുതി നോക്കിയെങ്കിലും അക്സറിനെ ക്രീസിന് പുറത്തിറങ്ങി അടിക്കാനുള്ള ശ്രമത്തിൽ ഇഷാൻ കിഷൻ താരത്തെ സ്റ്റംപ് ചെയ്തതോടെ ആ പ്രതീക്ഷയും അവസാനിച്ചു. കേവലം അഞ്ച് റൺസിനിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടപ്പെട്ടതോടെ 78-7 എന്ന നിലയിലേക്ക് വീണ പാകിസ്ഥാൻ പൂർണ്ണമായും പരാജയം സമ്മതിച്ചു. ഒടുവിൽ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായതോടെ ഇന്ത്യ വലിയ വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *