Sports

ഉടക്കെല്ലാം അവസാനിപ്പിച്ചു…കെട്ടിപ്പിടിച്ചു സംസാരിച്ചു ; വിരാട്‌കോഹ്ലിയും ഗൗതംഗംഭീറും ദോസ്തുക്കളായി

ഇന്ത്യയുടെ മുന്‍താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ നായകനുമായ ഗൗതംഗംഭീറും റോയല്‍ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും തമ്മില്‍ ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായ വഴക്ക് അങ്ങാടിപ്പാട്ടായിരുന്നു. പരസ്പരം വാഗ്വാദം നടത്തി പോരടിച്ച ഇരുവരും ഇപ്പോള്‍ വീണ്ടും ദോസ്തുക്കളായി. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത-ആര്‍സിബി മത്സരത്തിന് പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് നില്‍ക്കുന്നതും മുഖാമുഖം നോക്കി സംസാരിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയാണ്.

മത്സരത്തില്‍ ആര്‍സിബി ഇന്നിംഗ്സിലെ തന്ത്രപ്രധാനമായ ടൈംഔട്ടില്‍, ഗൗതം ഗംഭീര്‍ വിരാട് കോഹ്ലിയുമായി കൈ കുലുക്കുകയും ആലിംഗനം ചെയ്യുന്നതുമാണ് ആരാധകര്‍ കണ്ടത്. ഐപിഎല്‍ 2023 ല്‍ അഫ്ഗാന്‍ താരം നവീന്‍-ഉള്‍-ഹഖ് ഉള്‍പ്പെട്ട ഒര സംഭവത്തിലായിരുന്നു രണ്ടുപേരും അന്ന് ഏറ്റുമുട്ടിയത്. അതുകൊണ്ടു തന്നെ വെള്ളിയാഴ്ച കോലിയും ഗംഭീറും മുഖാമുഖം വന്നപ്പോള്‍, എം. ചിന്നസ്വാമി സ്റ്റേഡിയം വളരെ ആകാംഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാല്‍ ഇരു താരങ്ങളും സമ്മാനിച്ചത് മനോഹരമായ രംഗമായിരുന്നു.

മത്സരത്തില്‍ വിരാട് കോഹ്ലി മികച്ച ബാറ്റിംഗും കാഴ്ചവെച്ചു. നാലു സിക്‌സറുകളും നാലു ബൗണ്ടറികളും പറത്തിയ കോഹ്ലി അര്‍ദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. ഈ മത്സരത്തില്‍, വിരാട് കോഹ്ലി തന്റെ ഇന്നിംഗ്സില്‍ 59 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്തു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ദ്ധശതകം നേടിയ കോഹ്ലി ഐപിഎല്‍ 2024 ഓറഞ്ച് ക്യാപ്പിനായുള്ള മത്സരത്തില്‍ ആകെ 181 റണ്‍സുമായി മുന്നേറുകയാണ്.

വെള്ളിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റിന്റെ സമഗ്ര വിജയമായിരുന്നു കൊല്‍ക്കത്ത നേടിയത്. മിന്നുന്ന ബാറ്റിംഗ് പ്രകടനത്തോടെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഈ ഐപിഎല്ലില്‍ എവേ മത്സരം ജയിക്കുന്ന ആദ്യ ടീമായി മാറി. തന്റെ 500-ാം ടി20 മത്സരം കളിച്ച സുനില്‍ നരെയ്‌ന്റെ ബാറ്റിംഗ് മികവും മത്സരം കണ്ടു.