Featured Sports

താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്‌-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി.

പരിശീലകസ്‌ഥാനത്ത്‌ താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഏഷ്യാ കപ്പിലും ഇംഗ്ലണ്ടിലും ഇന്ത്യ വെന്നിക്കൊടി പാറിക്കുമ്പോള്‍ പരിശീലകസ്‌ഥാനത്തു താനായിരുന്നെന്ന്‌ ഓര്‍മിപ്പിക്കാനും ഗംഭീര്‍ മറന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ്‌ തലമുറമാറ്റദശയിലാണ്‌. ഈ ടീമിന്‌ പരിചയക്കുറവുണ്ട്‌. ജയ-പരാജയങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ട്‌ അനുകൂലഫലം സൃഷ്‌ടിക്കാന്‍ ടീം പഠിക്കേണ്ടിയിരിക്കുന്നു- ഗംഭീര്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ടീമില്‍നിന്നു തീര്‍ത്തും വ്യത്യസ്‌തമാണ്‌ ഇപ്പോഴത്തെ ടീം. ടെസ്‌റ്റ് ടീമെന്ന നിലയില്‍ നാം പരിവര്‍ത്തനപതാതയിലാണ്‌. ആദ്യ എട്ടില്‍ വരുന്ന അഞ്ചോളം ബാറ്റര്‍മാര്‍ 15 ടെസ്‌റ്റ് മാത്രം കളിച്ചിട്ടുള്ളവരാണ്‌. അനുഭവങ്ങളില്‍നിന്ന്‌ അവര്‍ പാഠം പഠിക്കുമെന്ന്‌ ഉറപ്പാണ്‌. മികച്ച ടീമിനെതിരേ കളിക്കുന്നത്‌ ഒട്ടും എളുപ്പമല്ല. ചിലപ്പോള്‍ പരാജയം പിണഞ്ഞേക്കാം. ആത്യന്തികമായി അവര്‍ക്ക്‌ സമയം നല്‍കുകയെന്നതാണ്‌ പ്രധാനം. തോല്‍വിക്ക്‌ ന്യായീകരണം നിരത്തുകയല്ലെന്നു ചൂണ്ടിക്കാട്ടി ഗംഭീര്‍ പറഞ്ഞു.

ഗൗതം ഗംഭീറിനുകീഴില്‍ സ്വന്തം നാട്ടില്‍ നടന്ന അവസാന ഏഴു ടെസ്‌റ്റില്‍ അഞ്ചിലും ഇന്ത്യ പരാജയപ്പെട്ടു. വെസ്‌റ്റിന്‍ഡീസിനും ബംഗ്ലാദേശിനുമെതിരേയാണ്‌ ആകെ ജയിച്ചത്‌. ആകെ കളിച്ച 19 ടെസ്‌റ്റില്‍ 10-ലും തോല്‍വിയായിരുന്നു ഫലം.