ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ് കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു പറഞ്ഞു. ഗണേഷ് കുമാർ ഫോൺവിളിച്ച് ക്ഷമ ചോദിച്ചുവെന്നും താൻ എല്ലാം മാപ്പാക്കിയെന്നും ബിന്ദുമേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മാപ്പു പറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. തന്നെ വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞതാണ്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു പറഞ്ഞു.
അതിനിടെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
‘തെറ്റ് പറ്റിപ്പോയി എന്ന് എന്റെ ഹസ്ബൻഡ് തുറന്നുപറഞ്ഞു. അദ്ദേഹം ക്ഷമാപണം നടത്തി. ഇന്നലെ രാത്രി തന്നെ എന്നെ ഫോൺ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുക്കാത്തതിനാൽ എന്റെ സിസ്റ്ററെ വിളിച്ച്, തെറ്റുപറ്റിയെന്ന് പറഞ്ഞു. ഇന്ന് എന്നെയും ഫോണിൽ വിളിച്ചു ക്ഷമാപണം നടത്തി. എന്റെ ഹസ്ബൻഡിൽനിന്ന് ഇതാണ് ഞാൻ പ്രതീക്ഷിച്ചത്. 5000 പ്രണയമുണ്ടെന്നും 112ൽ വിളിക്കുന്നവർക്ക് വട്ടാണ് എന്നും മന്ത്രി പറഞ്ഞപ്പോൾ എന്റെ വൈകാരിക വിക്ഷോഭത്തിൽ ഞാൻ പരസ്യമായി പ്രതികരിച്ചു പോയതാണ്. എന്നാൽ, ഇപ്പോൾ എല്ലാം പിൻവലിച്ചിരിക്കുന്നു.
ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാവാറുണ്ട്. അതെല്ലാം ക്ഷമിക്കുന്നു. ഇനി ഞങ്ങൾ തമ്മിൽ പ്രശ്നം ഇല്ല. മന്ത്രി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടതില്ല. ഞാനാണ് കൂടെ ജീവിക്കുന്നത്, എന്നോട് ക്ഷമ പറഞ്ഞാൽ മതി. അത് പറയുകയും ചെയ്തു. പ്രതികാരവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ ഇനി ഇടപെടരുതെന്ന് എല്ലാവരോടും റിക്വസ്റ്റ് ചെയ്യുകയാണ്’ -ബിന്ദുമേനോൻ പറഞ്ഞു.
മന്ത്രിയെ വാളകത്തെ വീട്ടിൽ മോശം സാഹചര്യത്തിൽ കണ്ടുവെന്നും അതിന്റെ ഫോട്ടോ കൈയിലുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ഇവർ, എല്ലാം ഒത്തുതീർന്നതായി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇടതുസർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ വെളിപ്പെടുത്തലിൽ ഇന്ന് ചേരുന്ന മന്ത്രിസഭ യോഗം നടപടി എടുക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങൾ. എന്നാൽ, മന്ത്രിസ്ഥാനം തെറിക്കുന്നതടക്കമുള്ള അപകടം മുന്നിൽക്കണ്ട ഗണേഷ് ദ്രുതഗതിയിലാണ് കാര്യങ്ങൾ ഒത്തുതീർപ്പിലെത്തിച്ചത്.
മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഗണേഷ്. ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും ഗണേഷ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ, ഗണേഷ് കുമാറിനെതിരെ അന്നത്തെ ഭാര്യ ഡോ. യാമിനി തങ്കച്ചി തുറന്നുപറച്ചിൽ നടത്തുകയും അത് മന്ത്രിപദവി തെറിക്കുന്നതിൽ കലാശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തവണ യുദ്ധകാലാടിസ്ഥാനത്തിൽ ഒത്തുതീർപ്പായത് മന്ത്രിക്കും സർക്കാറിനും മുന്നിൽ രൂപപ്പെട്ടെ പ്രതിസന്ധിയുടെ തോത് കുറച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാലെന്ന് പൊലീസ്. കൊല്ലം റൂറൽ എസ്പി, ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് ന്യായീകരണം. മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസ് കാഴ്ചക്കാരായി മടങ്ങിയെന്ന ആക്ഷേപം ശക്തമായതിന് പിന്നാലെയാണ് വിശദീകരണം തേടിയത്.




