Hollywood

ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്

ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി.

ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ വരുന്ന പ്രത്യേക പ്രേക്ഷകര്‍ക്ക് മുന്നില്‍ ഇത് പ്രദര്‍ശിപ്പിക്കും. ഗാല്‍ഗാഡോട്ടിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പരിപാടിയില്‍ ഓസ്‌ക്കര്‍ ജേതാവായ സംവിധായകന്‍ ഗയ് നാട്ടിവ് ആണ് നേതൃത്വം നല്‍കുന്നതെന്നാണ് ഐ24 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.”ഒരു സിനിമാക്കാരന്‍ എന്ന നിലയില്‍ ഒക്‌ടോബര്‍ 7 ലെ ദൃശ്യങ്ങള്‍ വിസ്മരിക്കാനാകാത്തതാണ്. അത് ലോകവും കാണേണ്ടതുണ്ട്.” നാട്ടീവ് പറഞ്ഞു.

മുമ്പ് ഇസ്രായേല്‍ സൈന്യത്തില്‍ അംഗമായിരുന്ന ഗാല്‍ ഗാഡോട്ട് ആദ്യം മുതല്‍ ഇസ്രായേല്‍ നടപടിയെ ന്യായീകരിച്ച് പ്രസ്താവന ഇട്ടുകൊണ്ടേയിരിക്കുകയാണ്. ആഞ്ജലീന ജോളിയടക്കം ഹോളിവുഡിലെ പല നടീനടന്മാരും ഇസ്രായേല്‍ കൂട്ടക്കുരുതിയെ വിമര്‍ശിച്ച് രംഗത്ത് വരുമ്പോള്‍ താന്‍ എല്ലാക്കാലവും ഇസ്രായേലിനൊപ്പമെന്ന നിലപാട് എടുത്തയാളാണ് ഗാല്‍ ഗാഡോട്ട്. ഇത്തരം ഭയാനകമായ പ്രവര്‍ത്തികള്‍ ഭീകരരില്‍ നിന്നും വരുമ്പോള്‍ ലോകത്തിന് കയ്യാലപ്പുറത്ത് ഇരിക്കാന്‍ കഴിയില്ലെന്നായിരുന്നു താരം നേരത്തേ നടത്തിയ ട്വൗറ്റ്. ഹമാസ് പിടികൂടി ബന്ദികളാക്കിയിരിക്കുന്നവരുടെ ഫോട്ടോകളും വീഡിയോകളും അവര്‍ നിരന്തരം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.