Crime Featured

പമ്പിൽ പുകവലി തടഞ്ഞു: പെട്രോൾ ടാങ്കിലേക്ക് ലൈറ്റർ എറിഞ്ഞ് തീയിട്ട് യുവാവ്; സിസിടിവി കുടുക്കി- വീഡിയോ

റായ്‌പൂരിലെ ഒരു പെട്രോൾ പമ്പിൽ മോട്ടോർ സൈക്കിളിന് തീയിടാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പമ്പിലെ ഒരു ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ വലിയൊരു അപകടം ഒഴിവായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 18-നാണ് സംഭവം.

ഉർള മേഖലയിലെ കർമ്മ ചൗക്കിന് സമീപമുള്ള ‘സംഗീത ഫ്യുവൽസ്’ എന്ന പെട്രോൾ പമ്പിൽ രാത്രി 7:40-ഓടെയാണ് ബൈക്കിൽ രണ്ട് യുവാക്കൾ എത്തിയത്. ജീവനക്കാരൻ ടാങ്കിൽ ഇന്ധനം നിറയ്ക്കാൻ തുടങ്ങിയപ്പോൾ, ബൈക്കിന് പിന്നിലിരുന്ന യുവാവ് താഴെയിറങ്ങി സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചു. പമ്പിൽ പുകവലിക്കരുതെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടതോടെ ഇയാൾ ദേഷ്യപ്പെടുകയും കയ്യിലിരുന്ന ലൈറ്റർ പെട്രോൾ ടാങ്കിലേക്ക് വലിച്ചെറിയുകയും ചെയ്തു.

നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ബൈക്കിലേക്കും പെട്രോൾ പമ്പിന്റെ നോസിലിലേക്കും പടരുകയും ചെയ്തു. പെട്ടെന്നുണ്ടായ തീ കണ്ട് ബൈക്ക് ഓടിച്ചയാളും ജീവനക്കാരും അവിടെനിന്നും ഓടിമാറി. എന്നാൽ ഉടൻ തന്നെ പമ്പിലെ മറ്റൊരു ജീവനക്കാരൻ ഇന്ധനം വരുന്ന ഹോസ് വലിച്ച് മാറ്റുകയും പ്രധാന സപ്ലൈ ഓഫ് ചെയ്യുകയും ചെയ്തു. തുടർന്ന് ഫയർ എക്സ്റ്റിംഗുഷർ (fire extinguisher) ഉപയോഗിച്ച് അദ്ദേഹം തീ അണച്ചു. ഇതിനിടയിൽ കത്തുന്ന ഇന്ധനം യുവാക്കളുടെ ശരീരത്തിലേക്കും തെറിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾ ധർമേന്ദ്ര സിംഗ്, ഇമ്രാൻ ഖുറൈഷി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. തീ നിയന്ത്രണവിധേയമായതിന് പിന്നാലെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവനക്കാർ ഇവരെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതികളുടെ ബൈക്കും ലൈറ്ററും പോലീസ് പിടിച്ചെടുത്തു. പൊതുജനസുരക്ഷയ്ക്ക് ഭീഷണി ഉയർത്തിയതിനും മനഃപൂർവ്വം തീയിട്ടതിനും ഇവർക്കെതിരെ കേസെടുത്തതായി ഉർള ഇൻസ്പെക്ടർ രോഹിത് മഹേൽക്കർ പറഞ്ഞു.

സമാനമായ മറ്റൊരു സംഭവം 2024-ൽ ഹൈദരാബാദിലും നടന്നിരുന്നു. അവിടെ മദ്യലഹരിയിലായിരുന്ന ചിരൻ എന്നൊരാൾ പെട്രോൾ പമ്പ് ജീവനക്കാരന്റെ വെല്ലുവിളി ഏറ്റെടുത്ത് ലൈറ്റർ കത്തിക്കുകയായിരുന്നു. ഈ സമയത്ത് പത്തിൽ അധികം ആളുകൾ പമ്പിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *