Featured The Origin Story

1965-ലെ ഭൂട്ടാൻ രാജാവിന്റെ സമ്മാനം, ഇന്ന് ഇന്ത്യയുടെ അഭിമാനം; ചെങ്കോട്ടയിലെത്തുന്ന Jeep വാഗണീർ

സ്വന്തം പൗരൻമാർക്കിടയിൽ അഭിമാനവും ദേശസ്നേഹവും നിറച്ച് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ, ദേശീയ തലസ്ഥാനത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രിക്കുള്ള ഗാർഡ് ഓഫ് ഓണറിന്റെ ശബ്ദത്തിനിടയിലും ഒരു വിന്റേജ് വാഹനം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. ചരിത്രവും പാരമ്പര്യവും ഒരുപാട് പറയാനുള്ള ഈ ക്ലാസിക് ജീപ്പ് ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാറിനെ സ്വാതന്ത്ര്യദിന പരേഡിനായി ചെങ്കോട്ടയിലേക്ക് ആനയിച്ചത് ഈ വാഹനത്തിലായിരുന്നു.

ഡൽഹിയിലെ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുന്ന ഈ ജീപ്പ് വാഗണീറിന് ആറ് പതിറ്റാണ്ടിന്റേയും രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കഥയാണ് പറയാനുള്ളത്. അയൽരാജ്യങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രതീകമായി 1965-ൽ ഭൂട്ടാൻ രാജാവ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഡോ. സർവേപ്പള്ളി രാധാകൃഷ്ണന് സമ്മാനിച്ചതാണ് ഈ വാഗണീർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ പ്രതീകമായിരുന്നു ഈ സമ്മാനം. പിന്നീട് ഈ വാഹനം ഇന്ത്യയുടെ അമൂല്യ സമ്പത്തായി മാറി.

1962 മുതൽ 1991 വരെ ജീപ്പ് നിർമിച്ച 4×4 ജീപ്പ് വാഗണീർ ഒരു സാധാരണ വാഹനമായിരുന്നില്ല. തുടക്കത്തിൽ “സ്റ്റേഷൻ വാഗൺ” ആയി വിപണിയിലെത്തിയെങ്കിലും പിന്നീട് സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) എന്നറിയപ്പെടുന്ന വാഹന വിഭാഗത്തിന് നിർവചനം നൽകിയത് ഈ മോഡലാണ്. 1974-ൽ ജീപ്പ് ചെറോക്കി അവതരിപ്പിച്ചപ്പോഴാണ് അവർ ഔദ്യോഗികമായി “എസ്‌യുവി” എന്ന പദം ആദ്യമായി ഉപയോഗിച്ചത്.

1974-ൽ ജീപ്പ് ചെറോക്കി പുറത്തിറക്കിയപ്പോൾ എസ്‌യുവി എന്ന പദം ഔദ്യോഗികമായി ആദ്യമായി ഉപയോഗിച്ചു. വാഗണീറിന്റെ ഉത്പാദനത്തിൽ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. 1963 മുതൽ 1991 വരെ 29 വർഷം തുടർച്ചയായി നിർമ്മിച്ച ഈ വാഹനത്തിന് വലിയ രൂപകൽപ്പന മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ഇത് അമേരിക്കൻ വാഹനചരിത്രത്തിൽ ഒരൊറ്റ തലമുറയിൽ ഏറ്റവും കൂടുതൽ കാലം നിർമ്മിക്കപ്പെട്ട മൂന്നാമത്തെ എസ്യുവിയാക്കി വാഗണീറിനെ മാറ്റി.

2021-ൽ വാഗണീറിന്റെ പുതിയ പതിപ്പ് ജീപ്പ് പുറത്തിറക്കി. പുതിയ മോഡലുകൾ 2022-ലും പുറത്തിറങ്ങി. പഴയ മോഡൽ ഇപ്പോൾ വിപണിയിലില്ലെങ്കിലും, ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ള വാഗണീർ കൂടുതൽ ഉപയോഗപ്രദമാക്കാൻ നവീകരിച്ചിട്ടുണ്ട്. നിലവിൽ ഒരു ഫോർഡ് എൻഡവർ 2500 സിസി എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. പഴയ ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ വാഹനം കൂടുതൽ മികച്ചതാക്കി.

നിലവിൽ ഈ വാഹനം ഡൽഹി ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിങിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇപ്പോൾ ഈ പദവി വഹിക്കുന്നത് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാറാണ്. എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ, ഡൽഹി ഏരിയ ആസ്ഥാനത്ത് നിന്ന് ചെങ്കോട്ടയിലേക്കുള്ള ജിഒസിയുടെ യാത്ര സൈനിക അച്ചടക്കവും ചരിത്രപരമായ പ്രൗഢിയും ഇഴചേരുന്ന ഒരു കാഴ്ചയാണ്. ഈ യാത്രയുടെയെല്ലാം ഹൃദയത്തിൽ വാഗണീറുണ്ട്.