ചെറിയ വാടകവീട്ടിൽ താമസിച്ചിരുന്ന ഒരവസ്ഥയിൽ നിന്ന് സ്വന്തമായി ഒരു സ്വപ്നഭവനം കുടുംബത്തിനായി നിർമ്മിച്ച ഒരു യുവാവിൻ്റെ പ്രചോദനാത്മകമായ യാത്ര സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്.
നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഈ ഹൃദയസ്പർശിയായ കഥ റെഡ്ഡിറ്റിൽ തരംഗമായി മാറി. തൻ്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ചും ഒടുവിൽ കുടുംബത്തിന് വേണ്ടി ഒരു വീട് പണിതതിനെക്കുറിച്ചും അദ്ദേഹം പങ്കുവെക്കുകയായിരുന്നു. “ഒടുവിൽ ഞാൻ എൻ്റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് പണിതു” (Finally built a home for my mother) എന്ന തലക്കെട്ടോടെയുള്ള ഈ പോസ്റ്റ് വൈറലാവുകയും നെറ്റിസൺസിനെ പ്രചോദിപ്പിക്കുകയും അദ്ദേഹത്തിൻ്റെ സ്ഥിരോത്സാഹത്തിന് പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു.
റെഡ്ഡിറ്റ് പോസ്റ്റിൽ ശ്രദ്ധേയമായ രണ്ട് ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ആദ്യ ചിത്രത്തിൽ, കനത്ത മഴയെത്തുടർന്ന് വാടക വീട്ടിലേക്ക് അഴുക്കുവെള്ളം കയറിയതിനെ തുടർന്ന് വിഷമിച്ചു കരയുന്ന അദ്ദേഹത്തിൻ്റെ അമ്മയെയാണ് കാണിച്ചത്. രണ്ടാമത്തെ ചിത്രം, വർഷങ്ങളുടെ പോരാട്ടത്തിന്റെയും പ്രയത്നത്തിന്റെയും പ്രതീകമായി അദ്ദേഹം കുടുംബത്തിന് വേണ്ടി നിർമ്മിച്ച സ്വപ്നഭവനം വെളിപ്പെടുത്തുന്നു.അദ്ദേഹത്തിൻ്റെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ:
“ആദ്യ ചിത്രത്തിലെ സ്ത്രീ എൻ്റെ അമ്മയാണ്, കനത്ത മഴ കാരണം ഞങ്ങളുടെ വാടക വീട്ടിലേക്ക് അഴുക്കുവെള്ളം കയറിയതുകൊണ്ട് ഒരു കുട്ടിയെപ്പോലെ കരയുകയാണ്. അതായിരുന്നു എൻ്റെ ജീവിതത്തിലെ വഴിത്തിരിവ്. ഞാൻ ഒരു താഴ്ന്ന ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. ഞങ്ങൾ ഇതുവരെ വാടക വീടുകളിൽ മാത്രമാണ് താമസിച്ചിരുന്നത്. ഞങ്ങൾ താമസിച്ചിരുന്നത് വെറും 300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു സർക്കാർ ക്വാർട്ടേഴ്സിലായിരുന്നു. അവിടുത്തെ ജീവിതം കഠിനമായിരുന്നു. ഞങ്ങൾക്ക് സ്വന്തമായി ഒരു ബാത്ത്റൂം പോലും ഉണ്ടായിരുന്നില്ല, അമ്മയ്ക്കും സഹോദരിക്കും ഉപയോഗിക്കാൻ വേണ്ടി ഞങ്ങളൊരു താൽക്കാലിക, കച്ചാ (kachcha) ഘടന ഉണ്ടാക്കിയിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്‌സ് അച്ഛൻ്റെ ഓഫീസിനുള്ളിൽ ആയതുകൊണ്ട് അച്ഛനും ഞാനും അദ്ദേഹത്തിൻ്റെ ഓഫീസിലെ വാഷ്‌റൂമാണ് ഉപയോഗിച്ചിരുന്നത്.
അവിടുത്തെ എൻ്റെ ഓരോ ദിവസത്തെയും ഞാൻ വെറുത്തിരുന്നു, പക്ഷേ ആ സമയത്ത് ഞങ്ങൾക്ക് താങ്ങാൻ കഴിയുന്ന ഏറ്റവും നല്ലത് അതായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. ആ നിമിഷം തൻ്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്നും അദ്ദേഹം തുടർന്ന് വിവരിച്ചു: “ഇപ്പോൾ, ആദ്യ ചിത്രത്തിലെ സംഭവത്തിന് ശേഷം, എനിക്കുള്ളിൽ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു, ഒരുപാട് നിർബന്ധിച്ച ശേഷം ഞാൻ എൻ്റെ കുടുംബത്തെ ആ മോശപ്പെട്ട സ്ഥലത്ത് നിന്ന് ഒരു നല്ല വീട്ടിലേക്ക് മാറ്റി. അതും വാടക വീടായിരുന്നു, തീർച്ചയായും, വാടക ഞങ്ങൾ മുമ്പ് നൽകിയിരുന്നതിനേക്കാൾ വളരെ കൂടുതലായിരുന്നു. അന്ന് ഞാൻ കോളേജിലായിരുന്നതിനാൽ എനിക്ക് ജോലിയുണ്ടായിരുന്നില്ല. ഞാൻ അടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി, കുറച്ച് പണം സമ്പാദിക്കാൻ മറ്റ് ചെറിയ ജോലികളും ചെയ്തു.”
വർഷങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഒടുവിൽ ഫലം കണ്ടു. “ഇപ്പോൾ, ആ സംഭവത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു, ഞാൻ ഒടുവിൽ എൻ്റെ കുടുംബത്തിന് വേണ്ടി ഒരു വീട് പണിതു. തീർച്ചയായും, അത് ലോണിലാണ്, എങ്കിലും അത് ഞങ്ങളുടേതാണെന്ന് എങ്ങനെയോ തോന്നുന്നു. ഞങ്ങൾ ഗൃഹപ്രവേശം നടത്തിയപ്പോൾ എൻ്റെ അമ്മയുടെ മുഖത്തുണ്ടായ സന്തോഷം എന്നെ വളരെയധികം സന്തോഷിപ്പിച്ചു, ഞാൻ ഒരുതരം യുദ്ധം ജയിച്ച് വിജയിയായി വന്നതുപോലെ. ഈ പുതിയ വീടും അത്ര വലുതോ ആഢംബരമുള്ളതോ അല്ലെന്ന് എനിക്കറിയാം, പക്ഷേ ഇത് ഞങ്ങളുടേതാണ്. അതിനാൽ, സുഹൃത്തുക്കളേ, നിങ്ങൾ കഠിനാധ്വാനം ചെയ്യുക, നിങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക. ഒരു ദിവസം നിങ്ങൾ തീർച്ചയായും അവിടെയെത്തും.”പോസ്റ്റ് വൈറലായതോടെ, അഭിനന്ദന സന്ദേശങ്ങളുമായി കമന്റുകൾ നിറഞ്ഞ് നെറ്റിസൺസിൽ നിന്ന് വൻ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്.
“നിങ്ങൾ ഒരു അവിശ്വസനീയ വ്യക്തിയാണ്. എന്ത് കാര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്ന് പോലും പലർക്കും അറിയില്ല, എന്നിട്ടും നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നും ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നും കൃത്യമായി മനസ്സിലാക്കി. അതാണ് യഥാർത്ഥ മനുഷ്യത്വം,” ഒരു ഉപയോക്താവ് എഴുതി.”മാതാപിതാക്കൾ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്ന ഈയൊരു കാര്യമല്ലേ ജീവിതത്തിൽ വേണ്ടത്. വേറെ എന്ത് വേണം? ഇത്തരത്തിലുള്ള ‘ഫ്ലെക്‌സാണ്’ യഥാർത്ഥ ഫ്ലെക്സ്. അല്ലാതെ ശമ്പളവും വിലകൂടിയ സാധനങ്ങളുമല്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, സഹോദരാ, നിങ്ങൾ ജീവിതത്തിൽ വിജയിച്ചു,”
രണ്ടാമത്തെ ഉപയോക്താവ് കുറിച്ചു. “വൗ ബ്രോ…. അത് ശരിക്കും അതിശയകരമാണ്…. നിങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു പുരുഷനായി മാറി…. എന്തുകൊണ്ടാണെന്ന് അറിയില്ല, നിങ്ങൾ ചെയ്തതിൽ എനിക്ക് അഭിമാനം തോന്നി… ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോകുന്ന ആളുകൾക്ക് ഇത് പ്രചോദനമാകും. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നിങ്ങളുടെ കഥ പങ്കുവെക്കാമോ? ഇത് ഇവിടെയുള്ള എല്ലാവർക്കും പ്രോത്സാഹനമാകും,” ഒരു നാലാമത്തെ ഉപയോക്താവ് എഴുതി.




