Celebrity

ഇന്റര്‍നെറ്റ് സെന്‍സേഷന്‍ വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക് ; ചന്ദ്രിക ദീക്ഷിത് റിയാലിറ്റി ഷോയില്‍

മുംബൈയിലെ ഐക്കണിക് സ്ട്രീറ്റ് ഭക്ഷണത്തോടുള്ള അഭിനിവേശത്താല്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക്. ‘വൈറല്‍ വട പാവ് ഗേള്‍’ എന്ന രീതിയില്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ചന്ദ്രിക ദീക്ഷിതിനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ ഏറ്റവും വിവാദമായ റിയാലിറ്റി ഷോയില്‍ ഉടന്‍ കാണാനാകും.

അടുത്തിടെ നടന്ന ലോഞ്ച് ഇവന്റില്‍ അവളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. പരിപാടിയില്‍ ‘വൈറല്‍ വട പാവ് പെണ്‍കുട്ടി’ ചന്ദ്രിക ദീക്ഷിത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണുന്നത് രസകരമായിരിക്കും. ഒരു ചെറിയ തട്ടുകടയില്‍ നിന്ന് തുടങ്ങിയ ചന്ദ്രികാ ദീക്ഷിത് ശ്രദ്ധേയമായ ആവേശത്തോടെ വട പാവ് തയ്യാറാക്കി വില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതോടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

മുമ്പ് ഹല്‍ദിറാമില്‍ ജോലി ചെയ്തിരുന്ന ചന്ദ്രിക, കമ്പനി വിട്ടശേഷം ഡല്‍ഹിയില്‍ പ്രശസ്തമായ മുംബൈ സ്‌പെഷ്യല്‍ വട പാവ് വില്‍ക്കാന്‍ ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ചേരുകയായിരുന്നു. അവളുടെ ഊര്‍ജ്ജവും അര്‍പ്പണബോധവും ചെയ്യുന്ന കാര്യങ്ങളോടുള്ള ആത്മാര്‍ത്ഥതയും വഴിയാത്രക്കാരുടെയും പ്രാദേശിക ഉപഭോക്താക്കളുടെയും ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റുന്നതായി മാറി.

ഓരോ വട പാവ് ഉണ്ടാക്കുന്നതിനും പിന്നില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് എന്നത് വള​​രെ ആകര്‍ഷകമായ രീതിയില്‍ അവര്‍ വീഡിയോയിലൂടെ കാണിച്ചുതന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക് വിഹാര്‍ പ്രദേശത്തെ അറിയപ്പെടുന്ന വ്യക്തിയായ ചന്ദ്രിക വട പാവ് വില്‍ക്കുന്നത് ഒന്നിന് 40 രൂപയ്ക്കാണ്. 35,000 രൂപ നല്‍കിയ ശേഷവും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി ആരോപിച്ച് അവര്‍ ചെയ്ത ഒരു വീഡിയോ ജനശ്രദ്ധ നേടിയിരുന്നു.