Hollywood

നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ആഗ്രഹിച്ച ഗ്ലാമര്‍ താരം! ഫ്രഞ്ച്‌ സിനിമയിലെ സെക്‌സ്‌ ബോംബ്, വിവാദങ്ങള്‍ ഹരമായിരുന്ന ബ്രിജിറ്റ്‌

‘ഒരു നായക്കുഞ്ഞിനെ പ്രസവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു’ – ബ്രിജിറ്റ്‌ ബാര്‍ദോയുടെ ആ തുറന്നുപറച്ചില്‍ ഏറെ വിവാദമായി. സ്വന്തം കുടുംബം പോലും അവരെ കൈവിട്ടു. പക്ഷേ, പ്രതിച്‌ഛായകളില്‍ വിശ്വസിക്കാത്ത ബ്രിജിറ്റിന്‌ വിവാദങ്ങള്‍ ഹരമായിരുന്നു.
ഒരു കാലത്ത്‌ ഫ്രഞ്ച്‌ സിനിമയെ മാറ്റിമറിച്ച സെക്‌സ്‌ ബോംബായിരുന്നു അവര്‍. ആ ഗ്ലാമര്‍ വേഷം 39-ാം വയസില്‍ അഴിച്ചുവച്ചു. പിന്നീട്‌ മൃഗസംരക്ഷണ പ്രവര്‍ത്തകയെന്ന നിലയിലാണു ലോകം ബ്രിജിറ്റിനെ അറിഞ്ഞത്‌.

1950കളിലെ സിനിമയില്‍ സ്‌ത്രീകളുടെ ലൈംഗിക വിമോചനത്തിന്റെ പ്രതീകമായിരുന്നു അവര്‍. ആ പ്രതിച്‌ഛായ മടുത്തപ്പോള്‍ ഗൗരവമുള്ള റോളുകള്‍ക്കായി ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തി.
1934 സെപ്‌റ്റംബര്‍ 28 ന്‌ പാരീസിലാണു ബ്രിജിറ്റ്‌ ആന്‍മേരി ബാര്‍ദോ ജനിച്ചത്‌. അവരും സഹോദരി മറിജെയിനും നഗരത്തിലെ ഏറ്റവും മികച്ച ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ്‌ വളര്‍ന്നത്‌. മാതാപിതാക്കള്‍ ധനികരും കത്തോലിക്കാ വിശ്വാസികളുമായിരുന്നു. കടുത്ത യാഥാസ്‌ഥിതിക അന്തരീക്ഷത്തിലായിരുന്നു ബ്രിജിറ്റിന്റെ കൗമാരം. സൗഹൃദങ്ങള്‍ക്ക്‌ മാതാപിതാക്കളുടെ കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത്‌ ജര്‍മന്‍ സൈന്യം പാരീസ്‌ കൈവശപ്പെടുത്തിയപ്പോള്‍ ബാര്‍ദോ സംഗീതവും നൃത്തവും പഠിക്കാന്‍ തുടങ്ങി. വൈകാതെ ബാലെ ക്ലാസുകളില്‍ ചേര്‍ന്നു. അവിടെ ഒരു ചെറിയ താരം രൂപമെടുക്കുകയായിരുന്നു.

ഒരു കുടുംബ സുഹൃത്ത്‌ അവരെ ഫ്രാന്‍സിലെ പ്രമുഖ വനിതാ മാസികയായ എല്‍ലെ കവര്‍ ചിത്രത്തിന്‌ പോസ്‌ ചെയ്യാന്‍ പ്രേരിപ്പിച്ചു. ആ ചിത്രങ്ങള്‍ ഒരു കോളിളക്കം സൃഷ്‌ടിച്ചു. അക്കാലത്ത്‌, ഹ്രസ്വമായ മുടിയായിരുന്നു ഫാഷന്‍ പ്രതീകം. അത്‌ ബ്രിജിറ്റ്‌ മാറ്റിമറിച്ചു. പ്രത്യേക ജാക്കറ്റുകളും സില്‍ക്ക്‌ സായാഹ്‌ന വസ്‌ത്രങ്ങളും ധരിച്ച്‌ അവര്‍ ക്യാമറയ്‌ക്കു മുന്നിലെത്തി. ബ്രിജിറ്റിന്റെ മുടി അവരുടെ തോളുകളില്‍ ഒഴുകി.
ബാലെ നര്‍ത്തകിയുടെ വഴക്കമുള്ള, അത്‌ലറ്റിക്‌ ശരീരത്തോടുകൂടി, അവര്‍ മറ്റ്‌ മോഡലുകളില്‍നിന്ന്‌ വ്യത്യസ്‌തയായിരുന്നു. 16 വയസില്‍, അവര്‍ പാരീസിലെ ഏറ്റവും പ്രശസ്‌തയായ കവര്‍ ഗേളായി.അവരുടെ ചിത്രങ്ങള്‍ ചലച്ചിത്ര സംവിധായകന്‍ മാര്‍ക്ക്‌ അലെഗ്രെട്ടിന്റെ ശ്രദ്ധയില്‍ പെട്ടു, അദ്ദേഹം തന്റെ സഹായി റോഗര്‍ വാദിമിനോട്‌ ബ്രിജിറ്റിനെ കണ്ടെത്താന്‍ നിര്‍ദേശിച്ചു.

സ്‌ക്രീന്‍ ടെസ്‌റ്റുകള്‍ വിജയം കണ്ടില്ല. പക്ഷേ വാദിം അവരെ വിവാഹം ചെയ്‌തു. ‘അവന്‍ എന്നെ നോക്കി, എന്നെ ഭയപ്പെടുത്തി, എന്നെ ആകര്‍ഷിച്ചു, എനിക്ക്‌ എന്തുചെയ്യണമെന്ന്‌ അറിയില്ലായിരുന്നു.’- അവര്‍ ആ ബന്ധത്തെക്കുറിച്ച്‌ പിന്നീട്‌ വിശദീകരിച്ചത്‌ ഇങ്ങനെ. അവരുടെ വിവാഹ ചിത്രങ്ങള്‍ പാരീസ്‌മാച്ചിന്‌ വിറ്റു. നടിയെന്ന നിലയിലുള്ള പരിശീലനവും വാദിം നല്‍കി. ചെറിയ സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെയാണ്‌ അവര്‍ മുന്നേറിയത്‌.

1956 വരെ അവര്‍ ബിക്കിനിയില്‍ പോസ്‌ ചെയ്‌തതിനാണ്‌ പ്രശസ്‌തയായത്‌. അക്കാലം വരെ സ്‌പെയിന്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളില്‍ ബിക്കിനി അത്ര സാധാരണമായിരുന്നില്ല. ബിക്കിനിയും ഹെയര്‍ സ്‌റ്റൈലും അവര്‍ പ്രചരിപ്പിച്ചു.വൈകാതെ വാദിമിന്റെ അരങ്ങേറ്റ ചിത്രം, ‘ആന്‍ഡ്‌ ഗോഡ്‌ ക്രിയേറ്റഡ്‌ വുമണ്‍’ പാരീസില്‍ പുറത്തിറങ്ങി. ഫ്രാന്‍സില്‍ പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യു.എസില്‍ വിജയമായി. പക്ഷേ, അവരുടെ വസ്‌ത്രധാരണം യു.എസില്‍ വിവാദമായി. ചില സംസ്‌ഥാനങ്ങളില്‍ സിനിമ നിരോധിക്കപ്പെട്ടു. പത്രങ്ങളില്‍ വിവാദം ഉയര്‍ന്നു. പ്രേക്ഷകര്‍ക്ക്‌, ബാര്‍ദോയെ അവര്‍ അവതരിപ്പിച്ച കഥാപാത്രത്തില്‍നിന്ന്‌ വേര്‍തിരിച്ചറിയാന്‍ കഴിയാതെയായി. പാരീസ്‌മാച്ച്‌ അവളെ ‘തല മുതല്‍ കാല്‍വരെ അധാര്‍മിക’ എന്ന്‌ മുദ്രകുത്തി. ആ പ്രതിച്‌ഛായയില്‍നിന്നായിരുന്നു അവര്‍ തിരക്കുള്ള നായികയായി മാറിയത്‌.