Lifestyle

തെരുവിൽ മാറിടം മറയ്ക്കാതെ സ്ത്രീകൾ; ‘ടോപ്‌ലെസ്’ പ്രതിഷേധത്തിൽ അമ്പരന്ന് ഫ്രാൻസ്

ഫ്രാന്‍സില്‍ വര്‍ധിച്ച് വരുന്ന ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് സ്ത്രീകള്‍ അര്‍ധ നഗ്‌നരായി പാരിസിലെ തെരുവിലിറങ്ങി. ഈ പ്രതിഷേധം നടന്നതാവട്ടെ പ്രസിദ്ധമായ ലുവ്രെ പിരമിഡിന് മുന്നിലായിരുന്നു. ലൈംഗികാതിക്രമത്തിനും അസമത്വത്തിനും എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായിയായിരുന്നു പ്രതിഷേധം. പല ഫെമിനിസ്റ്റ് മുദ്രവാക്യങ്ങളും ഫ്രഞ്ച് , ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ മാറിടത്തില്‍ എഴുതിയായിരുന്നു പ്രതിഷേധം.പ്രായഭേദമന്യേ 100 കണക്കിന് സ്ത്രീകള്‍ ടോപ് ലെസായി അണിനിരന്നു.

പുരുഷാധിപത്യ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ എന്നിവ അവസാനിപ്പിക്കണെമെന്നായിരുന്നു അവരുടെ പ്രധാനപ്പെട്ട ആവശ്യം. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ടവരും ആക്രമിക്കപ്പെട്ടവരുമായ പെണ്‍കുട്ടികളോടും സത്രീകളോടും തങ്ങള്‍ ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കുര്‍ദിസ്ഥാന്‍, യുക്രെയ്ന്‍ തുടങ്ങി പല രാജ്യങ്ങളിലുമായി കഷ്ടത അനുഭവിക്കുന്ന സ്ത്രീകള്‍ക്കൊപ്പമാണ് തങ്ങളെന്നും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഫെമന്‍ എന്ന ആക്ടിവിസ്റ്റ് സംഘടന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

വസ്ത്രം നീക്കം ചെയ്യുന്നതു കേവലം പ്രതീകാത്മകമല്ല. അത് തിരിച്ചെടുക്കാനുള്ള ബോധപൂര്‍വമായ പ്രവൃത്തിയാണ്. ഇത് ഒരു പ്രഖ്യാപനമാണ്.ഞങ്ങളുടെയും സഹോദരിമാരുടെയും സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ല.ഫെമന്റെ ലക്ഷ്യം പുരുഷാധിപത്യത്തിനെതിരായ സമ്പൂര്‍ണ വിജയമാണ്. ഈ പ്രക്ഷോഭത്തിന് പിന്നില്‍ ഗിസെലെ പെലിക്കോട്ട് എന്ന സ്ത്രീയെ മുന്‍ഭര്‍ത്താവും ഒരു കൂട്ടം പുരുഷന്മാരും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത സംഭവമാണെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.