സാഹസികമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ വീഡിയോയാണ് പുറത്ത് വന്നത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഈ ഞെട്ടിപ്പിയ്ക്കുന്ന വീഡിയോ പുറത്ത് വന്നത്. തായ് സ്വദേശിനിയായ ക്വാന്റൂഡി സിരിപ്രീച്ചയാണ് തന്റെ മകള്‍ മുതലകള്‍ക്കൊപ്പം കളിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ടത്.
കുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്‌ക്കൊപ്പം വെള്ളത്തില്‍ കിടന്ന് ഉല്ലസിക്കുന്നതും വീഡിയോയില്‍ കാണാം. തായ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരപ്രകാരം തായ്ലന്‍ഡില്‍ മുതല ഫാം നടത്തുകയാണ് ക്വാന്റൂഡി. ലോകത്ത് ഏറ്റവും കൂടുതല്‍ മുതലകളുടെ തോല്‍, മാംസം എന്നിവ ഉല്‍പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുന്നതും തായ്‌ലന്‍ഡ് ആണ്. തായ് ഫിഷറീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ആയിരത്തിലധികം മുതല ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ കുട്ടിയെ മുതലയ്‌ക്കൊപ്പം കളിക്കാന്‍ വിട്ടതില്‍ അമ്മയെ നിരവധിപ്പേര്‍ വിമര്‍ശിച്ചു. മകളുടെ ഭയം ഇല്ലാതാക്കാനാണ് താനിങ്ങനെ ചെയ്തതെന്നാണ് അമ്മയുടെ മറുപടി. രണ്ട് വയസുമുതല്‍ തന്നെ മകള്‍ക്ക് മുതലകളെ ഇഷ്ടമാണ്. വിഡിയോയില്‍ കാണുന്ന മുതലക്കുഞ്ഞുങ്ങള്‍ക്ക് 15 ദിവസത്തില്‍ താഴെ മാത്രമാണ് പ്രായം. അവയ്ക്ക് പല്ലുകള്‍ വളര്‍ന്നിട്ടില്ല. അതിനാല്‍ മകളെ ഉപദ്രവിക്കുമെന്ന പേടി വേണ്ടെന്ന് അമ്മ ക്വാന്റൂഡി വ്യക്തമാക്കി.