കർണാടകയിലെ ഹസൻ ജില്ലയിൽ വനംവകുപ്പ് ജീവനക്കാർക്കു നേരെ കുതിച്ച് കാട്ടാന. സംഭവത്തിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ ജീവനുംകൊണ്ടോടി രക്ഷപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
@siraj noorani എന്ന എക്സ് അക്കൗണ്ട് ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ വനത്തിനു നടുവിലൂടെയുള്ള പാതയിൽ ജീവനും കൊണ്ടോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാം. തൊട്ടുപിന്നാലെ ഇവരെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കാട്ടാനയെയാണ് കാണുന്നത്. വീഡിയോ അവസാനിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിവേഗം ഓടിമറയുന്നതാണ് കാണുന്നത്.
റിപ്പോർട്ടുകൾ പ്രകാരം പതിവുപോലെ പ്രദേശത്തു നീരീക്ഷണം നടത്തുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ക്ഷുഭിതനായ കാട്ടാന പാഞ്ഞടുത്തത്. എന്നാൽ അപകടം മനസ്സിലാക്കിയ സംഘം അവിടെ നിന്ന് ഓടി രക്ഷപെടുകയായിരുന്നു.