Oddly News

ഫിന്‍ലാന്റിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി സന്ന മരിന്‍ പദവികള്‍ ഒഴിഞ്ഞു; ഇനി വ്യക്തിജീവിതം മതിയെന്ന്

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളില്‍ ഒരാളായി ഖ്യാതി നേടിയ ഫിന്‍ലാന്‍ഡിന്റെ മുന്‍ പ്രധാനമന്ത്രി സന്ന മാരിന്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷ സ്ഥാനവും ഒഴിഞ്ഞു. ഫിന്‍ലന്റ് പ്രധാനമന്ത്രിയായും ഗ്‌ളാമര്‍ താരമായും മിന്നിയ മാരിന്‍ വ്യക്തിജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കസേര ഒഴിയുന്നതെന്നാണ് പറഞ്ഞിരിക്കുന്നത്.

2019ല്‍ 34-ാം വയസ്സില്‍ ഫിന്‍ലന്‍ഡിലെ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ ഫിന്‍ലന്റിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നിലയില്‍ അവര്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെ പാര്‍ട്ടി തോല്‍വി നേരിട്ടതിന് പിന്നാലെ തന്നെ സെന്‍ട്രല്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുകളുടെ അധ്യക്ഷസ്ഥാനം ഒഴിയാനുള്ള ആഗ്രഹം മരിന്‍ പ്രകടിപ്പിച്ചിരുന്നു.

ഭരണാധികാരി എന്ന നിലയില്‍ കോവിഡ് 19 മഹാമാരി കാലത്തിലൂടെയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയും അവര്‍ രാജ്യത്തെ നയിച്ചു. റഷ്യയുടെ കടുത്ത വിമര്‍ശകയായിരുന്ന ഇവര്‍ ഉക്രെയ്‌നെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഒട്ടേറെ വിവാദങ്ങളിലും ഇവര്‍ ചെന്നുപെട്ടിരുന്നു. മഹാമാരി സമയത്ത് നിശാക്ലബ്ബുകളില്‍ പാര്‍ട്ടി നടത്തി, ഔദ്യോഗിക വസതിയില്‍ സ്വകാര്യ പരിപാടികള്‍ നടത്തിയതിനും വിവാദത്തില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങളില്‍ ചോര്‍ന്നതും മരിനെ വിവാദത്തിലാക്കി. പിന്നീട് സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാകുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ കടല്‍ത്തീരത്തെ വസതിയിലെ ഒരു പാര്‍ട്ടിയില്‍ നിന്നുള്ള ഫോട്ടോയും വിവാദമായിരുന്നു. സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന പ്രശസ്തരായ രണ്ടു സ്ത്രീകള്‍ അവരുടെ നഗ്‌നമായ മാറിടങ്ങള്‍ ‘ഫിന്‍ലാന്‍ഡി’ ന്റെ ചിഹ്നം ഉപയോഗിച്ച് മറച്ചു കാണിക്കുന്ന നിലയിലുള്ള ഫോട്ടോയായിരുന്നു വിവാദത്തിലായത്. എന്നാല്‍ സ്വമേധയാ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമായ മരിന്‍ നെഗറ്റീവ് ആയി വന്നതിന് പിന്നാലെ സ്വന്തം പാര്‍ട്ടിയോട് ക്ഷമ ചോദിച്ചിരുന്നു.

തിരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്ന്, മാരിന്‍ കൂടുതല്‍ സമാധാനപരമായ ജീവിതത്തിനായി തന്റെ പ്രതീക്ഷ പ്രകടിപ്പിക്കുകയും പിന്നീട് തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം പ്രഖ്യാപിക്കുകയും ചെയ്തു. വെള്ളിയാഴ്ച പാര്‍ട്ടി അധ്യക്ഷയായി സൈന്‍ ഓഫ് ചെയ്യുമ്പോള്‍, മാരിന്‍ തന്റെ പാര്‍ട്ടിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.