നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളെക്കുറിച്ച് ധാരാളം കേള്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഈ നാരുകളെന്നും എന്താണ് അവയ്ക്ക് ഇത്ര പ്രാധാന്യമെന്നും ചിന്തിച്ചിട്ടുണ്ടോ? എല്ലാ സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും പല അളവുകളില്‍ നാരുകള്‍ അഥവാ ബൈഫര്‍ ഉണ്ടാവും. സെല്ലുലോസ്, പെറ്റിംഗ്‌സ്, ഗംസ് എന്നീ ഘടകങ്ങള്‍ ചേര്‍ന്നതാണ് നാരുകള്‍. ഇവയാണ് ചെടികളുടെയും ഫലങ്ങളുടെയും കോശഭിത്തികള്‍ തീര്‍ക്കുന്നത്. നാരുകള്‍ ദഹിക്കപ്പെടുന്ന വസ്തുക്കളല്ലെങ്കിലും ശരീരത്തിന്റെ ഭക്ഷണചക്രത്തില്‍ നിരവധി പ്രാധാന്യമേറിയ ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
നാരുകളുടെ രോഗപ്രതിരോധശേഷി
നാരുകളടങ്ങിയ ഭക്ഷണത്തെക്കുറിച്ച് ക്രിസ്തുവിന്റെ കാലഘട്ടത്തില്‍തന്നെ അറിവുണ്ടായിരുന്നുവെങ്കിലും ഇതിന്റെ രോഗപ്രതിരോധ ശേഷിയെക്കുറിച്ചും ദഹനപ്രക്രിയയിലെ സാന്നിധ്യത്തെക്കുറിച്ചും അടുത്തകാലത്താണ് ശാസ്ത്രലോകത്തിന് കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ആധുനിക ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്ന പ്രധാന കാര്യം നാരുകള്‍ ആഹാരത്തില്‍ കുറയുമ്പോള്‍ പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ദഹനക്കുറവ് തുടങ്ങിയ രോഗങ്ങള്‍ ശരീരത്തെ പിടികൂടുന്നു എന്നാണ്.
നാരുകളടങ്ങിയ പ്രധാന ഭക്ഷണ സാധനങ്ങള്‍
നാരുഭക്ഷണത്തിന്റെ പ്രധാന സ്രോതസുകള്‍ വിവിധയിനം ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, കായ്കള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ്. ഇവയുടെ പുറംഭാഗത്താണ് നാരുകള്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ പൊടിച്ച് അരിച്ചെടുക്കുമ്പോള്‍ ഇത് നഷ്ടമാവുന്നു. തവിട് നീക്കം ചെയ്യാത്ത സമ്പൂര്‍ണ ധാന്യങ്ങളില്‍നിന്നുള്ള ധാന്യപ്പൊടിയില്‍ നിര്‍മിക്കുന്ന ബ്രഡ്, തവിട്ടുകലര്‍ന്ന ചുവന്ന അരി തുടങ്ങിയവ നാരുകളുടെ ഉത്തമ ഉറവിടങ്ങളാണ്. വെളുത്ത റൊട്ടിയില്‍ നാമമാത്രമായേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ.
രണ്ടുതരം നാരുകള്‍
രണ്ടുതരം നാരുകളാണ് സസ്യങ്ങളിലും അവയുടെ ഫലങ്ങളിലും ഉണ്ടാവുക. ഇവ ര രണ്ടും മിക്ക സസ്യങ്ങളിലും ഫലങ്ങളിലും കാണുമെങ്കിലും ഓട്ട്‌സ് തവിടിലും പയറുവര്‍ഗങ്ങളിലുമാണ് കൂടുതലായുള്ളത്. എന്നാല്‍ ഗോതമ്പ്, ചോളം, അരി ഇവയിലാവട്ടെ ലയിക്കാത്ത നാരുകള്‍ അടങ്ങിയിരിക്കുന്നു. സ്‌പോഞ്ച് പോലെ ഇരുവിഭാഗത്തിലുംപെട്ട നാരുകള്‍ ജലാംശത്തെ നിലനിര്‍ത്തുന്നതിനാല്‍ ഉദരത്തിലും വന്‍കുടലിലുമുള്ള വിസര്‍ജനവസ്തുക്കളെ ഏകോപിപ്പിച്ച് ക്ഷയപ്പെടുത്തി അനായാസം പുറന്തള്ളുവാന്‍ സഹായിക്കുന്നു.
നാരുകളുടെ പ്രാധാന്യം
ശരീരത്തിന് ആവശ്യമായ 18 ഗ്രാം മുതല്‍ 23 ഗ്രാം വരെ നാരുകള്‍ ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നും ലഭിക്കണം. ഇതിനായി വ്യത്യസ്ത ഭക്ഷ്യവസ്തുക്കളില്‍നിന്നുള്ള കാര്‍ബോഹൈഡ്രേറ്റ് പോഷകമാണ് അഭികാമ്യം. സമ്പൂര്‍ണ ധാന്യറൊട്ടി, ഉരുളക്കിഴങ്ങ്, ചുവന്ന അരി, വിവിധയിനം പച്ചക്കറികള്‍, പഴങ്ങള്‍ ഇവയിലെല്ലാം ഇത് അടങ്ങിയിരിക്കുന്നു. ദഹിക്കുന്ന വസ്തുവല്ല ഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍. എന്നാല്‍ വന്‍ കുടലിലുള്ള ബാക്ടീരിയകളെ ഇത് പരിപോഷിപ്പിക്കുന്നു. തുടര്‍ന്നുള്ള അവയുടെ ഭക്ഷണത്തിലെ പുളിപ്പിക്കല്‍ കൊഴുപ്പുള്ള വൊളറ്റൈല്‍ ആസിഡിനെ ഊര്‍ജമാക്കി കുടല്‍ഭിത്തികള്‍ ഉപയോഗപ്പെടുത്തുന്നു. ലയിക്കുന്ന ഫൈബര്‍ രക്തത്തിലെ കൊളസ്‌ട്രോള്‍ നിലയെ നിയന്ത്രിക്കുന്നു.
ചെറുകുടലില്‍നിന്നും ഗ്ലൂക്കോസിനെ രക്തത്തിലേക്ക് സ്വീകരിക്കുന്നത് സാവധാനത്തിലാക്കുന്നതില്‍ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന നാരുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു. രക്തക്കില്‍ ഗ്ലൂക്കോസ് നില പെട്ടെന്ന് വര്‍ധിക്കുന്നത് നാരുകള്‍ തടയുന്നു. അതിനാല്‍ പ്രമേഹരോഗികളുടെ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കപ്പെടുന്നു.
ഒരേ ഭക്ഷണം പാടില്ല
ദിവസവും ശരീരത്തിനാവശ്യമായ 18 -23 ഗ്രാം നാരുകള്‍ കൂടുതലായി ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ ധാതുക്കളുടെ സാന്നിധ്യം കുറയും. ഒരേ ഭക്ഷണത്തില്‍ നിന്നുതന്നെ കൂടുതല്‍ നാരുകള്‍ എത്തിയാല്‍ (ഉദാഹരണമായി അരിയുടേയോ ഗോതമ്പിന്‍േറയോ തവിട്) ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ വിഭിന്ന ആഹാരവസ്തുക്കളില്‍നിന്ന് നാരുകള്‍ ലഭിക്കുമ്പോള്‍ പ്രതികൂലമായ ഒരു പ്രശ്‌നവും ശരീരത്തിന് ഉണ്ടാവുന്നുമില്ല. ഭക്ഷണം ശരിയായും കൃത്യമായും കഴിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ നാരുകളും ലഭിക്കുന്നു.