പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് വനിതാ കോണ്‍സ്‌റ്റബിള്‍ ട്രെയിനികളുടെ പ്രതിഷേധം. ഗോരഖ്‌പുര്‍ ബിച്ച്‌ഹിയയിലെ പി.എ.സി. (പ്രവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്‌റ്റബുലറി) ക്യാമ്പിലാണ് സംഭവം. 600 ഓളം ട്രെയിനികള്‍ പരിശീലന കേന്ദ്രത്തിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്‌തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്‌തമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യം തുടങ്ങിയവയില്‍ പോരായ്‌മയുണ്ടെന്ന് പരിശീലനത്തിനെത്തിയ യുവതികള്‍ ആരോപിച്ചു. 360 പേരെ ഉള്‍ക്കൊള്ളുന്ന കേന്ദ്രത്തില്‍ അറുന്നൂറ് പേരാണുള്ളതെന്നും പരാതിപറഞ്ഞാല്‍ അധികൃതര്‍ ചീത്തപറയുകയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
വെള്ളവും വെളിച്ചവും ഫാനും ഇല്ല. തുറസ്സായ സ്‌ഥലത്തുനിന്നാണ് കുളിക്കേണ്ടിവരുന്നതെന്നും സ്‌ത്രീകളുടെ ശൗചാലയത്തിന് സമീപത്ത് ക്യാമറ സ്‌ഥാപിച്ചിട്ടുണ്ടെന്നും ഇത് അടിയന്തരമായി നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാര്യങ്ങള്‍ വഷളായതോടെ പി.എ.സി കമാന്‍ഡന്റ് ആനന്ദ് കുമാറടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ ക്യാമ്പിലെത്തി. പ്രതിഷേധക്കാരുമായി സംസാരിക്കുകയും പരാതികള്‍ പരിഹരിക്കുമെന്നു ഉറപ്പും നല്‍കി. ചര്‍ച്ചകളെത്തുടര്‍ന്നു പ്രതിഷേധക്കാര്‍ പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങി.ജൂലൈ 21 ന് ബിച്ച്‌ഹിയ പി.എ.സി. ക്യാമ്പസില്‍ പരിശീലനം ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രശ്‌നങ്ങള്‍ അവലോകനം ചെയ്‌ത് വേണ്ട നടപടി കൈക്കൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്‌തമാക്കി.
അതേസമയം, ട്രെയിനികള്‍ ഉന്നയിച്ച ആശങ്കകള്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പരിഹരിച്ചതായി എ.ഡി.ജി: പ്രീതിന്ദര്‍ സിങ് പറഞ്ഞു. ശൗചാലയങ്ങളില്‍ ക്യാമറകള്‍ സ്‌ഥാപിച്ചെന്ന ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ച പി.ടി.ഐയെ സസ്‌പെന്‍ഡ് ചെയ്‌തു. സാമൂഹിക മാധ്യമങ്ങളില്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.




