എസ്.യു.വി. വാങ്ങിയത് മുതല്‍ സ്ഥിരം പണി. ഷോറൂമില്‍ പറഞ്ഞു മടുത്തുകഴിഞ്ഞാല്‍ പിന്നെയെന്തു ചെയ്യും? പ്രതിഷേധിക്കുക, അതുമാത്രമാണ് മഹാരാഷ്ട്രയിലെ ഈ കാര്‍ ഉടമയും ചെയ്തുള്ളൂ. പണം കൊടുത്തു വാങ്ങിയ വാഹനത്തിന് തുടര്‍ച്ചയായ അറ്റകുറ്റപണി. എത്ര പറഞ്ഞിട്ടും കേള്‍ക്കാതായതോടെ പ്രാദേശിക മഹീന്ദ്ര ഷോറൂമിലേക്ക് വാഹനത്തെ കഴുതയെക്കൊണ്ട് കെട്ടി വലിച്ചാണ് എത്തിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
മഹീന്ദ്ര ഥാര്‍ വാഹനത്തിന് മുന്നില്‍ രണ്ടു കഴുതകളെ കെട്ടി സര്‍വീസ് സെന്‍ററിലേക്ക് വലിച്ചു കൊണ്ടുവരുന്നതാണ് വീഡിയോ. കഴുതകളെ കെട്ടിയെങ്കിലും അവയെക്കൊണ്ട് വലിച്ചുനീക്കാനാകാതെ കാറുടമയും സുഹൃത്തുക്കളും തള്ളിനീക്കിയാണ് വാഹനം സര്‍വീസ് സെന്‍ററിലെത്തിച്ചത്. തകരാറുള്ള വാഹനങ്ങള്‍ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന് എഴുതിയ ബാനറും വാഹനത്തിന് മുന്നില്‍ തൂക്കിയിട്ടിരുന്നു. സംഭവം പ്രദേശത്ത് വലിയ ആള്‍ക്കൂട്ടമുണ്ടാക്കി, സോഷ്യല്‍ മിഡിയയിലും കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞു.
ഡീലര്‍ഷിപ്പില്‍ നിന്നും പുതുതായി വാങ്ങിയ വാഹനത്തിന് നിരന്തരം പ്രശ്നങ്ങളാണെന്നും പറഞ്ഞിട്ടും ഇവ പരിഹരിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിഷേധം ഉണ്ടായതെന്നാണ് പോസ്റ്റില്‍ പറയുന്നത്. വീഡിയോ വൈറലായതോടെ വാഹന ഉടമയെ പിന്തുണച്ച് നിരവധിപേരാണ് കമന്‍റിട്ടത്. പുത്തന്‍ കാറുകള്‍ നിര്‍മിക്കാന്‍ സാധിക്കും എന്നാല്‍ സര്‍വീസിന്റെ കാര്യമോ, ദയനീയമാണ് എന്നാണ് ഒരാളുടെ കമന്‍റ്.




