വ്യത്യസ്ത തരത്തില്‍ ജീവിതരീതി നയിക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള അവരുടെയൊക്കെ ജീവിതത്തിന് പിന്നില്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ 36 വര്‍ഷമായി സ്ത്രീവേഷം കെട്ടി ജീവിക്കുന്ന ഒരാളുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. ഉത്തര്‍പ്രദേശിലെ ജൗന്‍പുര്‍ സ്വദേശിയാണ് ഇദ്ദേഹം. തന്റെ ഇത്തരത്തിലെ ജീവിതത്തിന് പിന്നിലുള്ള കാരണമാണ് ആരെയും അമ്പരപ്പിയ്ക്കുന്നത്. താന്‍ പ്രേതത്തെ പേടിച്ചാണ് സ്ത്രീ വേഷം കെട്ടി ജീവിയ്ക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്.
മൂന്നുതവണ വിവാഹിതനായ ഇയാള്‍ക്ക് ഒന്‍പതു മക്കളുണ്ടായിരുന്നു. അതില്‍ ഏഴ് പേരും മരണപ്പെട്ടു. ഇതിനെല്ലാം കാരണം പ്രേതശല്യമാണെന്നാണ് ഇയാള്‍ പറയുന്നത്. അതും തന്റെ രണ്ടാം ഭാര്യയുടെ പ്രേതമാണ് ഇതിനൊക്കെ കാരണമെന്നാണ് ഇയാള്‍ പറയുന്നത്. മുന്‍പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പറഞ്ഞു. മരിച്ചുപോയ രണ്ടാംഭാര്യയെ സ്ഥിരം സ്വപ്നം കാണും. അവരുടെ പ്രേതമാണ് ഉപദ്രവിക്കുന്നതെന്നും ഇയാള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളെ പോലെ സാരിയും ബ്ലൗസും ധരിക്കുകയും ആഭരണങ്ങള്‍ അണിയുകയും ചെയ്യും. പൊട്ടുവച്ച് സീമന്തരേഖയില്‍ സിന്ദൂരവും അണിഞ്ഞൊരുങ്ങിയാണ് ഇയാള്‍ പുറത്തിറങ്ങാറുള്ളത്. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നമാണെന്നാണ് ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നത്. ഇതെല്ലാം അന്ധവിശ്വാസത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് മതിയായ ചികിത്സയും ബോധവത്കരണവും നടത്തണമെന്നും അവര്‍ വ്യക്തമാക്കി.