Celebrity

ഏ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു; ആദ്യ പാട്ടുകേട്ട് റഹ്മാന്‍ പറഞ്ഞത്

സംഗീതസംവിധായകരുടെ മൂന്നാം തലമുറയിലേക്ക് നീങ്ങുകയാണ് ഓസ്‌കാര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എആര്‍ റഹ്മാന്റെ വീട്. ഏറ്റവും പുതിയ സംഗീതസംവിധായകരുടെ പട്ടികയില്‍ ചേര്‍ന്നത് റഹ്മാന്റെ മകള്‍ ഖദീജയാണ്. മുത്തച്ഛന്‍ ആര്‍ കെ ശേഖര്‍, അച്ഛന്‍ എ ആര്‍ റഹ്മാന്‍, അമ്മായിമാരായ എ ആര്‍ റൈഹാന, ഇസ്രത്ത്, കസിന്‍മാരായ ജി വി പ്രകാശ് കുമാര്‍, എ എച്ച് കാഷിഫ്, സഹോദരന്‍ എ ആര്‍ അമീന്‍ എന്നിവരുടെ പാതയാണ് ഖദീജയും പിന്തുടരുന്നത്. ഹലിത ഷമീമിന്റെ മിന്‍മിനി എന്ന ചിത്രത്തിലൂടെയാണ് ഖദീജയുടെ അരങ്ങേറ്റം.

മാവെറിക്ക് ഫിലിം മേക്കര്‍ ഹലിത ഷമീമിന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട ഖദീജ പിതാവ് ആദ്യമായി തന്റെ പാട്ടുകേട്ട അനുഭവം പങ്കുവെച്ചു. ഞാന്‍ അപ്പയ്ക്ക് ആദ്യ ഗാനം അയച്ചു. അത് ഉണര്‍വേകുന്നതും ശാന്തവുമാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ സ്വന്തം ശൈലി കണ്ടെത്താന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു. എപ്പോഴും ഒപ്പമുണ്ടാകുമെന്ന് ഉറപ്പും അദ്ദേഹം നല്‍കി.

ഒരു സംഗീത സംവിധായിക എന്ന നിലയില്‍ തന്റെ ആദ്യ സിനിമയുടെ ഓഡിയോ ലോഞ്ചിന് റഹ്മാന്റെ അഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പതുക്കെ തുടങ്ങുന്നതാണ് നല്ലതെന്നും സ്വയം കഴിവ് തെളിയിക്കണമെന്നും ഖദീജ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരെ പോറ്റാന്‍ തനിക്ക് താല്‍പ്പരമില്ലെന്നും അവര്‍ പറഞ്ഞു.

വിമര്‍ശനങ്ങളില്‍ നിന്നോ താരതമ്യങ്ങളില്‍ നിന്നോ രക്ഷപ്പെടാന്‍ കഴിയില്ല, പക്ഷേ വ്യക്തിത്വം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ എന്നെ ചീത്തവിളിക്കുന്നതിന് പകരം ആളുകള്‍ മിന്‍മിനിയെക്കുറിച്ച് ക്രിയാത്മകമായ അഭിപ്രായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ഓഗസ്റ്റ് 9 നാണ് സിനിമ റിലീസ് ചെയ്യന്നത്. മലയാളിയായ എസ്തര്‍ അനിലാണ് നായിക.