Crime

മകളെ മര്‍ദിച്ച പിതാവും രണ്ടാനമ്മയും അറസ്റ്റില്‍, വയോധികനായ പ്രതിയുടെ പിതാവിനെയും മര്‍ദിക്കാന്‍ ശ്രമം

ചാരുംമൂട്: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സര്‍, രണ്ടാനമ്മ ഷെഫിന എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്‍സറിനെ പത്തനംതിട്ട കടമാംകുളത്തുനിന്നും ഷെഫിനയെ കൊല്ലം ചക്കുവള്ളിയില്‍നിന്നുമാണ് പിടികൂടിയത്.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പോലീസ് സംഘമാണ് ഇന്നലെ സന്ധ്യയോടെ ഇവരെ പിടികൂടിയത്. പ്രതി അന്‍സര്‍ വയോധികനായ പിതാവിനെയും ഇതിനിടെ മര്‍ദിക്കാന്‍ ശ്രമം നടത്തിയിരുന്നു. കുട്ടി മര്‍ദനത്തിനിരയായി സ്‌കൂളിലെത്തിയ ദിവസം വൈകിട്ടായിരുന്നു അന്‍സര്‍ പിതാവിനെ കൂന്താലിക്കൈക്ക് മര്‍ദിക്കാന്‍ ശ്രമിച്ചത്. ബഹളംകേട്ട് അയല്‍ക്കാര്‍ എത്തിയതോടെയാണ് ഇയാള്‍ മര്‍ദന ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്.

കുട്ടിയെ മര്‍ദിച്ചതിന് നൂറനാട് പോലീസ് കേസെടുത്തതോടെ ഒളിവില്‍പ്പോയ ഇയാള്‍ വൈകിട്ട് വീട് പൂട്ടാന്‍ എത്തിയപ്പോളാണ് പിതാവിനെ കണ്ടതും മര്‍ദിക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയും മുത്തശ്ശിയും ഈ സമയം ബന്ധുവീട്ടിലായിരുന്നു. പെണ്‍കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി മുത്തശ്ശിക്ക് നല്‍കിയിട്ടുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി ഇന്ന് രാവിലെ കുട്ടിയെ കാണാന്‍ ആദിക്കാട്ടുകുളങ്ങരയിലെത്തും.