Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര.

10 ാം ക്ലാസ് വരെ ക്ലാസ് ടോപ്പറായിരുന്നു പ്രിയാല്‍. പക്ഷെ കുടുംബത്തിലെ ചില സമ്മർദ്ദം മൂലം വിഷയങ്ങളില്‍ താല്‍പ്പര്യമില്ലാഞ്ഞിട്ടും അവര്‍ 11-ാം ക്ലാസില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ തിരഞ്ഞെടുത്തു.എന്നാല്‍ ഫിസിക്‌സിന് പരാജയപ്പെട്ടു. ഏതായാലും ആ പരാജയം ആദ്യത്തേതും അവസാനത്തേതുമായിരുന്നു. 2019ലെ എംപിപിഎസ്സി പരീക്ഷയില്‍ 19-ാം റാങ്ക് നേടിയ പ്രിയാല്‍ ജില്ലാ രജിസ്ട്രാര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2020-ല്‍ അടുത്ത ശ്രമത്തില്‍ 34-ാം റാങ്ക് നേടി സഹകരണ വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നിലവില്‍ പ്രിയാല്‍ ജില്ലാ രജിട്രാറായി നിയമിതയായ പ്രിയാല്‍ 2021 ലെ MPPSC പരീക്ഷയില്‍ ആറാം റാങ്ക് നേടി. പെണ്‍കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്ന ഒരു ഗ്രാമീണ പ്രദേശത്താണ് പ്രിയാല്‍ ജനിച്ചത്, പക്ഷേ ഒരു സാധാരണ കര്‍ഷകരായിട്ടും മാതാപിതാക്കള്‍ പ്രിയാലിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചില്ല. ഇപ്പോള്‍ ഒരു ഐ എ എസ് ഓഫീസറാകുകയെന്നതാണ് പ്രിയാലിന്റെ ലക്ഷ്യം.