Celebrity

ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ അസ്വസ്ഥയായ വഹീദയെ രക്ഷിച്ച രണ്‍ബീറിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

9-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് അവര്‍ കാത്തിരുന്ന സെലിബ്രിറ്റികളുടെ വരവോടെയാണ്. ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആലിയ ഭട്ടും ഭാര്യയ്ക്കൊപ്പം വിജയം പങ്കിടാനെത്തിയ ബോളിവുഡിന്റെ പ്രിയ താരം രണ്‍ബീര്‍ കപൂറുമാണ്. ആലിയ പുരസ്കാരം ഏറ്റുവാങ്ങുന്നത് നേരില്‍ കാണാനായിട്ടാണ് രണ്‍ബീര്‍ എത്തിയത്. ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയും ഒരുമിച്ചിരുന്ന് സെല്‍ഫിയെടുത്തുമൊക്കെ രണ്‍ബീറും തിളങ്ങി. ഭാര്യയുടെ വിജയത്തില്‍ ഒപ്പം നില്‍ക്കുന്നവനാകണം ഭര്‍ത്താവ് എന്ന തരത്തില്‍ രണ്‍ബീറിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ കമന്റുകളുമിട്ടിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചടങ്ങിനിടയില്‍ നിന്നുള്ള രണ്‍ബീറിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അവാര്‍ഡ് സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തില്‍ മുതിര്‍ന്ന നടി വഹീദ റഹ്മാനും ഉണ്ടായിരുന്നു. ചടങ്ങില്‍ വഹീദ റഹ്മാൻ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി. ചിത്രങ്ങള്‍ പകര്‍ത്താനായി ഫോട്ടോഗ്രാഫര്‍മാര്‍ വഹീദയെ പൊതിഞ്ഞപ്പോള്‍ അവരെ സംരക്ഷിക്കുന്ന രണ്‍ബീറിനെ വീഡിയോയില്‍ കാണാം. വഹീദയുടെ തൊട്ടുപിറകിലായിട്ടായിരുന്നു ആലിയയും രണ്‍ബീറും ഇരുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രങ്ങള്‍ പകര്‍ത്താനായി തിടുക്കപ്പെടുമ്പോള്‍ അത് വഹീദയെ അസ്വസ്ഥയാക്കുന്നുവെന്ന് മനസ്സിലാക്കിയ രണ്‍ബീര്‍ എണീറ്റുനിന്ന് മുതിര്‍ന്ന താരത്തെ ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നത് വീഡിയോയിലുണ്ട്. ‘‘എല്ലാവരുമൊന്ന് ശ്രദ്ധിക്കൂ…പ്ലീസ് ബുദ്ധിമുട്ടിക്കാതിരിക്കൂ…’’ എന്നാണ് താരം പറയുന്നത്.

രണ്‍ബീറിന്റെ ഈ പ്രവൃത്തി ഇഷ്ടപ്പെട്ട ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തെ അഭിനന്ദിക്കുകയാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടിയിലെ അഭിനയത്തിനാണ് ആലിയയ്ക്ക് പുരസ്കാരം ലഭിച്ചത്. ദേശീയ അവാര്‍ഡ് ദാന ചടങ്ങിനിടെ പുരസ്കാരമേറ്റുവാങ്ങിയ ആലിയയെ രണ്‍ബീര്‍ അഭിനന്ദിക്കുന്നതിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ആദരം ഏറ്റുവാങ്ങാൻ ആലിയ വേദിയിലേക്ക് പോകുമ്പോള്‍, രണ്‍ബീര്‍ തന്റെ ഫോണില്‍ ആ നിമിഷം റെക്കോര്‍ഡുചെയ്യുന്നതും കാണാം.രണ്‍ബീറും സിനിമാമേഖലയില്‍ തിരക്കില്‍ത്തന്നെയാണ്. ആനിമല്‍ എന്ന ചിത്രത്തിന്റെ റീലിസ് കാത്തിരിക്കുകയാണ് രണ്‍ബീര്‍. സന്ദീപ് റെഡ്ഡി വനഗ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തും. സിനിമയില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍ താരം രാശ്മിക മന്ദാനയാണ്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

https://www.instagram.com/reel/CygAeOqKY7y/?utm_source=ig_web_copy_link