Featured Sports

‘വേദനിപ്പിച്ചതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’; ഹര്‍ദിക്പാണ്ഡ്യയോട് ഇന്ത്യന്‍ ആരാധിക പറഞ്ഞത്

ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ഒരു ദുരന്തസ്വപ്‌നമായി ഇപ്പോഴും തുടരുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ലോകകപ്പ് ശരിക്കും ഒരു തിരിച്ചുവരവായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വിജയങ്ങളില്‍ പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവ് നിര്‍ണ്ണായകമായി. ഐപിഎല്ലില്‍ തന്നെ ട്രോളിയ ആരാധകര്‍ക്ക് ചുട്ട മറുപടി ഹര്‍ദിക് നല്‍കി.

ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മാനസിക സംഘര്‍ഷത്തിന്റേതായിരുന്നു. രോഹിത് ശര്‍മ്മയെ മാറ്റി പകരം ഹര്‍ദികിനെ നായകനാക്കി മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത് ആരാധകര്‍ക്ക് ഒട്ടും പിടിച്ചില്ല. സ്റ്റാര്‍ ഓള്‍റൗണ്ടറെ ആരാധകര്‍ ട്രോളുകയും കൂകി നശിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയങ്ങളിലുടനീളം ആരാധകര്‍ താരത്തെ തുടര്‍ച്ചയായി ലക്ഷ്യമിട്ടു. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതോടെ ആരാധകരുടെ ആദരവ് വീണ്ടെടുക്കാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞു.

ഐപിഎല്ലിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ ട്രോളിയതിന് ഒരു വനിതാ ആരാധകന്‍ ഹാര്‍ദിക്കിനോട് ടെലിവിഷനില്‍ ലൈവില്‍ ക്ഷമാപണം നടത്തിയത് ഇതിന് തെളിവാണ്. ‘ആദ്യമായും പ്രധാനമായും, എല്ലാ ട്രോളുകള്‍ക്കും ഹാര്‍ദിക് പാണ്ഡ്യയോട് ക്ഷമ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഞാന്‍ അവനെ ആദ്യം ട്രോളിയത് എന്ന് എനിക്കറിയില്ല. അതില്‍ ഞാന്‍ വളരെ ഖേദിക്കുന്നു. വളരെ നന്ദി. അവസാന ഓവര്‍ അതിശയകരമായിരുന്നു. ഒപ്പം ക്ഷമിക്കണം എന്ന് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു, എനിക്കറിയില്ല, എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളെ കുറിച്ച് തെറ്റായി പറഞ്ഞത്.” ഒരു ലൈവ് ഇന്ററാക്ഷനിടെ ഒരു വനിതാ ആരാധിക പറഞ്ഞു.

ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് കിരീടം നേടിപ്പോള്‍ അവസാന ഓവര്‍ എറിഞ്ഞത് ഹര്‍ദിക്കായിരുന്നു. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്ന 16 റണ്‍സ് ഡിഫന്‍ഡ് ചെന്നാന്‍ ഹര്‍ദികിന് പറ്റി. വാംഖഡെ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ വിജയാഘോഷത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹര്‍ദ്ദികിനെ പ്രശംസിച്ചു. പ്രത്യേകിച്ചു അവസാന ഓവറിലെ വീരശൂരപരാക്രമങ്ങളെ എടുത്തു പറഞ്ഞു. ‘ഹാര്‍ദിക് ഞങ്ങള്‍ക്ക് വേണ്ടി അവസാന ഓവര്‍ ബൗള്‍ ചെയ്തതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് ആ ഓവറില്‍ എത്ര റണ്‍സ് വേണമെന്നത് പ്രസക്തമല്ല. എപ്പോഴും ആ ഓവര്‍ വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ്. അദ്ദേഹത്തിന് ഹാറ്റ്‌സ് ഓഫ്.” രോഹിത് പറഞ്ഞു.

ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും നിര്‍ണായക വിക്കറ്റുകള്‍ നേടി ഫൈനലില്‍ വലിയ സംഭാവന നല്‍കിയ ഹര്‍ദിക് ബാറ്റും പന്തും കൊണ്ട് മികച്ച പ്രകടനം നടത്തി. 150-ന് മുകളില്‍ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സ് പൂര്‍ത്തിയാക്കിയ അദ്ദേഹം 11 വിക്കറ്റുകളും വീഴ്ത്തി. രോഹിതിന്റെ പരാമര്‍ശങ്ങള്‍ ഊഹിക്കുമ്പോള്‍, അദ്ദേഹവും ഹാര്‍ദിക്കും തങ്ങളുടെ മുന്‍കാല അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചതായി കണക്കാക്കാം. ഇത് ഒടുവില്‍ ഐസിസി കിരീടം ഉയര്‍ത്താനുള്ള 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാന്‍ ഇന്ത്യയെ സഹായിച്ചു.