Movie News

‘ഡയമണ്ട് നെക്ലസി’ല്‍ നായകനാകാന്‍ എന്റെ മുഖം മനസിലേക്ക് വന്നില്ലേ?’ ലാല്‍ ജോസിനോട് പൃഥ്വിരാജ്

മലയാള കുടുംബ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ച, ഇന്നും മനസ്സില്‍ മായാതെ സൂക്ഷിച്ചു വയ്ക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് ലാല്‌ജോസ്. റിപീറ്റഡ് വാല്യൂവുള്ള ഒരുപാട് നല്ല സിനിമകള്‍ നല്‍കിയ ലാല്‍ ജോസ് മലയാളത്തിന്റെ മികച്ച സംവിധായകരില്‍ മുന്‍പന്തിയിലാണ്.

ഒരു കാലത്ത് ദുബൈയില്‍ പ്രവാസി ആകേണ്ട ലാല്‍ജോസിനെ സിനിമ സംവിധായക വേഷത്തിലേക്ക് എത്തിച്ചത് ജീവിതത്തിലെ ട്വിസ്റ്റുകളായിരുന്നു.

സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ താരം ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലൂടെയാണ് സ്വാതന്ത്ര സംവിധായകനായത്. പിന്നീടിങ്ങോട്ട് മികച്ച കുറെ സിനിമകള്‍ ലാല്‍ ജോസ് മലയാള സിനിമയ്ക്ക് നല്‍കി.
മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള മികവുറ്റ ചുവടുവെപ്പ് നടത്തുന്ന സംവിധായകരില്‍ ഒരാള്‍ കൂടിയാണ് ലാല്‍ ജോസ്. ലാല്‍ ജോസിന്റെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഡയമണ്ട് നെക്ലസിനു ഒരു പ്രത്യേക സ്ഥാനമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ആയ ബുര്‍ജ് കലീഫയില്‍ വച്ചാണ് തന്റെ രണ്ടാമത്തെ ചിത്രം ആയ ഡയമഡ് നെക്ലസ് ലാല്‍ ജോസ് ചിത്രീകരിച്ചത്.
അറബിക്കഥയ്ക്ക് ശേഷം ഇക്ബാല്‍ കുറ്റിപ്പുറവും ലാല്‍ജോസും ഒന്നിച്ച ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചത് ദുബൈയിലാണ്. സമ്പന്നതയുടെ ഒരു മായിക ലോകത്തിലുള്ള ഡോ അരുണ്‍ കുമാറിന്റെ കുത്തഴിഞ്ഞ ജീവിതവും അതിലേക്ക് എത്തിപ്പെടുന്ന മായ, ലക്ഷ്മി, രാജശ്രീ എന്നീ കഥാപാത്രങ്ങളുമാണ് സിനിമയുടെ പ്രധാന ഭാഗം.

ആര്‍ഭാടവും ആഘോഷവും കൊണ്ട് തിമര്‍ത്ത് ജീവിച്ച അരുണ്‍ കുമാര്‍ കടക്കാരനായി മാറുന്ന ദുരവസ്ഥയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ അരുണ്‍ കുമാര്‍ എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് ഫഹദ് ഫാസിലാണ്.
ഇപ്പോഴിതാ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഡോ. അരുണ്‍ കുമാര്‍ എന്ന കഥാപാത്രം പൃഥ്വിരാജ് ആഗ്രഹിച്ചിരുന്നു എന്ന് പറയുകയാണ് ലാല്‍ ജോസ്.
‘ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഡോ. അരുണ്‍ കുമാര്‍ എന്ന കഥാപാത്രം പൃഥ്വിരാജ് ആഗ്രഹിച്ചിരുന്നു. എന്തുകൊണ്ട് തന്റെ മുഖം മനസിലേക്ക് വന്നില്ല എന്ന പരിഭവം രാജു പങ്കുവെച്ചു. ആയാളും ഞാനും തമ്മില്‍ ചിത്രത്തിനായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം എന്നോട് പങ്കിട്ടത്.
ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തെക്കുറിച്ച് എന്തുകൊണ്ടാണ് എന്നോട് പറയാതിരുന്നത് എന്ന് അന്ന് പൃഥ്വിരാജ് ചോദിച്ചു. ഫഹദ് അതിലെ ഡോ. അരുണ്‍ കുമാറിന്റെ വേഷം ഗംഭീരമായി ചെയ്തിട്ടുണ്ട്. പക്ഷെ എന്റെ മുഖം മനസിലേക്ക് വന്നില്ലേ എന്നാണ് ചോദിച്ചത്.

ഞാന്‍ അപ്പോള്‍ പറഞ്ഞു തീര്‍ച്ചയായും ആ കഥാപാത്രം രാജുവിന് ചെയ്യാന്‍ കഴിയും എന്ന് ഇപ്പോള്‍ എനിക്ക് മനസിലായി. പക്ഷെ ഇഖ്ബാല്‍ കഥ പറഞ്ഞപ്പോള്‍ ആദ്യം മനസില്‍ വന്ന മുഖം ഫഹദിന്റെതാണ്. ഫഹദിന്റെ നോട്ടവും കള്ളച്ചിരിയും ഒക്കെ ആണ് ഓര്‍ത്തത്…’ എന്നിങ്ങനെയാണ് ലാല്‍ ജോസിന്റെ വാക്കുകള്‍. സിനി പ്ലസ് എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇത് പറഞ്ഞത്.