തമിഴ്‌സിനിമാവേദിയില്‍ ഫഹദ്ഫാസില്‍ എന്ന നടന് ഇപ്പോള്‍ ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല. വിക്രം, മാമന്നന്‍ എന്ന രണ്ടു സിനിമ കൊണ്ടു തന്നെ താന്‍ എന്താണെന്ന് ഫഹദ് തെളിയിച്ചു കഴിഞ്ഞു. മാമന്നനിലെ താരത്തിന്റെ വില്ലന്‍ വേഷം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് കയറ്റിവിട്ടു എന്നാണ് തമിഴ് മാധ്യമങ്ങളുടെ സംസാരം. തലൈവര്‍ 170 ആണ് ഫഹദിന്റെ അടുത്ത വില്ലന്‍ വേഷം.
അസാധാരണ അഭിനയപ്രതിഭയായ ഫഹദിന്റെ ഈ താരമൂല്യത്തിന് കാരണം അല്ലു അര്‍ജുനൊപ്പം എത്തിയ പുഷ്പയിലെ വേഷമാണ്. എസ്പി പന്‍വര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് താരം പുഷ്പയില്‍ അവതരിപ്പിച്ചത്. മൊട്ടത്തലയും കണ്ണടയുമായി താരത്തിന്റെ വില്ലന്‍ പ്രകടനം ആരേയും ഭയപ്പെടുത്തി.
തമിഴില്‍ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ്, വിക്രം, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇതിനകം അഭിനയിച്ചിട്ടുള്ള ഫഹദ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ 170-ാം ചിത്രത്തിലെ വില്ലന്‍ വേഷത്തിന് വാങ്ങിയ പ്രതിഫലം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 10 കോടി രൂപയാണ് ഈ ചിത്രത്തിനായി അദ്ദേഹം പ്രതിഫലം വാങ്ങിയതെന്നാണ് സിനിമാപേട്ടെ പോലെയുള്ള വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. അടുത്തിടെ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശമ്പളമാണിതെന്ന് പറയപ്പെടുന്നു.
കൂടാതെ അമിതാഭ് ബച്ചന്‍, റാണാ ദഗുപതി, മഞ്ജു വാര്യര്‍ എന്നിവരും ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഒരു ചെറിയ ഷെഡ്യൂളില്‍ ചിത്രം ഉടന്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. പതിവുപോലെ സംഗീതസംവിധായകന്‍ അനിരുദ്ധാണ് രജനികാന്തിന്റെ ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.