ലോകകപ്പിന് തൊട്ടുമുമ്പ് അവസരം കൊടുത്ത കളികളില്‍ മങ്ങിപ്പോയ സഞ്ജു സാംസണ് എന്തെല്ലാം കുറ്റവും കുറവുമായിരുന്നു. ലോകകപ്പ് ടീമിലേക്ക് അവസരം കൊടുത്തതുമില്ല. എന്നാല്‍ പരുക്കിന് ശേഷം ഏറെ കൊട്ടിഘോഷിച്ച് ടീമിലേക്ക് കൊണ്ടുവന്ന ശ്രേയസ് അയ്യരെ ഇപ്പോള്‍ ട്രോളി കൊല്ലുകയാണ് ആരാധകര്‍. ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഗുണകരമാകുന്നില്ല എന്നതാണ് പ്രശ്‌നം.താരത്തിന്റെ പ്രകടനം ഏറെ ആവശ്യമുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ വന്‍ പരാജയമാണ് ആരാധകര്‍ക്ക് കലി കയറാന്‍ കാരണമായത്.
ശുഭ്മാന്‍ ഗില്‍ (9), വിരാട് കോഹ്ലി (0) എന്നിവരുടെ തുടക്കത്തിലെ വിക്കറ്റുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുമായി ഒരു കൂട്ടുകെട്ട് ഇന്ത്യക്ക് ഏറെ ആവശ്യമുള്ളപ്പോള്‍ നാലാം നമ്പറില്‍ തന്റെ കഴിവ് തെളിയിക്കാനുള്ള സുവര്‍ണാവസരം അയ്യര്‍ പാഴാക്കി. ക്രിസ് വോക്സിനെതിരെ ഒരു പുള്‍ ഷോട്ട് തെറ്റായ തെരഞ്ഞെടുപ്പാകുകയും മിഡ്-ഓണില്‍ മാര്‍ക്ക് വുഡിന് അനായാസ ക്യാച്ച് നല്‍കുകയും ചെയ്തതിനാല്‍ ഷോര്‍ട്ട് ബോളിനെതിരായ അയ്യറുടെ ദൗര്‍ബല്യം ഒരിക്കല്‍കൂടി പുറത്തുവന്നു. വെറും 16 പന്തില്‍ 4 റണ്‍സെടുത്ത് പുറത്തായതോടെ ഇന്ത്യ 11.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയിലായി.
ഈ മത്സരത്തിന് മുമ്പ് 0, 25*, 53*, 19, 33 എന്നീ സ്‌കോറുകളോടെ ഈ ടൂര്‍ണമെന്റില്‍ മാന്യമായ ഫോമിലായിരുന്നിട്ടും മുന്നേറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടെന്നാണ് വിമര്‍ശനം. എന്നാല്‍ രോഹിത് അവസരത്തിനൊത്ത് ഉയര്‍ന്നത് ഗുണമായി. വലംകൈയ്യന്‍ ബാറ്ററെ വിമര്‍ശിച്ച് നെറ്റിസണ്‍സ് എക്സ് എടുത്തതോടെ അദ്ദേഹത്തിന്റെ പുറത്താക്കല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ മെമ്മുകള്‍ക്കും ട്രോളുകള്‍ക്കും കാരണമായി. അതേസമയം ഓസ്ട്രേലിയ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഇംഗ്‌ളണ്ട് ടീമുകള്‍ക്കെതിരേ മികച്ച വിജയങ്ങള്‍ നേടിയ ശേഷം ഈ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി ആറാം ജയമാണ് ഇന്ത്യ നേടിയത്.