Sports

മലയാളി ക്രിക്കറ്റര്‍ സന്ദീപ് വാര്യര്‍ക്ക് ഇത് അഭിമാന നിമിഷം; ഏഷ്യന്‍ ഗെയിംസ് മെഡലുമായി പ്രിയതമ

ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലേക്ക് എത്താനുള്ള വിളി കാത്തിരിക്കുകയാണ് മലയാളിബൗളര്‍ സന്ദീപ് വാര്യര്‍. തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന താരം ഐപിഎല്ലില്‍ മിന്നുകയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്‌തെങ്കിലും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അതേസമയം താരത്തിന് സന്തോഷവുമായി മറ്റൊരു നേട്ടമെത്തി. ഭാര്യ ആരതി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി.

സ്പീഡ് സ്‌കേറ്റിംഗ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി താരം വെങ്കലം നേടി. 3000 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു ആരതി. റോളര്‍ സ്‌കേറ്റിംഗ് താരം ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന ആദ്യ മെഡലും ഈ ഇനത്തില്‍ ഇത്തവണ ഇന്ത്യയ്ക്ക് കിട്ടുന്ന ആദ്യ മെഡലുമാണ്. അഞ്ചാം വയസ്സുമുതല്‍ റോളര്‍ സ്‌കേറ്റിംഗ് ചെയ്യുന്ന താരം ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം തവണ മത്സരിച്ചപ്പോഴാണ് മെഡല്‍ എത്തിയത്.

2010 ഏഷ്യന്‍ ഗെയിംസിലാണ് ആദ്യമായി സ്‌കേറ്റിംഗ് ഉള്‍പ്പെടുത്തിയത്. അന്ന് അനൂപ് കുമാര്‍ യാമ പുരുഷ സിംഗിള്‍സ് ഫ്രീ സ്‌കേറ്റിംഗില്‍ മെഡല്‍ നേടിയിരുന്നു. പിന്നീട് പെയര്‍ സ്‌കേറ്റിംഗില്‍ ആവണി പഞ്ചലിനൊപ്പം സ്‌കേറ്റിംഗില്‍ വെങ്കലം നേടിയിരുന്നു. പ്രൊഫഷനില്‍ ഡോക്ടറായ ആരതി നിലവല്‍ ക്ലിനിക്കല്‍ എംബ്രോയ്ഡറിയില്‍ പി.ജി ചെയ്യുകയാണ്. 2018 ലാണ് ആരതി ആദ്യമായി റോളര്‍ സ്‌കേറ്റിംഗില്‍ രാജ്യത്തിനായി ഇറങ്ങിയത്. അന്ന് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പകര്‍ച്ചവ്യാധി കാരണം ഒരു വര്‍ഷം വൈകിയ ഏഷ്യന്‍ ഗെയിംസിന്റെ അനിശ്ചിതത്വവും പലരുടെയും പദ്ധതികളെ തകിടം മറിച്ചു. കൂടാതെ, പരിക്കുകള്‍ക്ക് സാധ്യതയുള്ള കായികരംഗത്ത് ആരതിക്ക് തലയില്‍ ഒന്നിലധികം മുറിവുകളും ചതവുകളും അനുഭവിക്കേണ്ടി വന്നു. എന്നിട്ടും ഒരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ എന്നാ ലക്ഷ്യത്തില്‍ താരം കഠിനമായി പരിശ്രമിക്കുകയും ജയം നേടുകയുമായിരുന്നു. ദിവസവും ഏഴു മണിക്കൂര്‍ വരെ പരിശീലനം നടത്തിയതായും താരം പറഞ്ഞു.