Fitness

യോഗാസനങ്ങളിലെ രാജാവ് ; ശീര്‍ഷാസനം ചെയ്താല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചെറുതല്ല

യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീര്‍ഷാസനം അറിയപ്പെടുന്നത്. എല്ലാത്തിനുമുപരി, ഇത് ചെയ്യുന്ന ഒരാള്‍ അവരുടെ ശരീരഭാരത്തെ മുഴുവന്‍ തലയുടെ ഭാഗത്തെ കേന്ദ്രീകരിച്ച് തുലനം ചെയ്യുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈയൊരു പോസിന് ഒരു വ്യക്തിയുടെ ശാരീരികമായ വഴക്കത്തിലും സന്തുലിതാവസ്ഥയിലുമെല്ലാം അത്ഭുത ഗുണങ്ങള്‍ നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയപ്പെടുന്നു.

ശീര്‍ഷാസനത്തില്‍ വളരെ പെട്ടെന്ന് തന്നെ വൈഭവവും വൈദഗ്ധ്യവും നേടിയെടുക്കുക എന്നത് സാധ്യമായ കാര്യമല്ല. ക്ഷമയോട് കൂടിയുള്ള തീവ്രപരിശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതില്‍ പ്രാവിണ്യം നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ. പഠിച്ചെടുക്കാന്‍ ഏറ്റവും പ്രയാസകരമായ യോഗാസനം കൂടിയാണ് ഇത്. ശീര്‍ഷാസനം ചെയ്താല്‍ ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…

  • സമ്മര്‍ദ്ദം കുറയ്ക്കുന്നു – ശീര്‍ഷാസനം പതിവായി ചെയ്യുന്നത് വഴി സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. ശീര്‍ഷാസനം ചെയ്യുമ്പോള്‍ സ്വാഭാവികമായും തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നതിനൊടൊപ്പം, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കാന്‍ സഹായികമായ ഡോപാമൈന്‍, സെറോടോണിന്‍ എന്നിവയുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
  • ദഹനത്തെ മെച്ചപ്പെടുത്തുന്നു – ശീര്‍ഷാസനം ചെയ്യുന്നത് ദഹന നാളത്തിലേക്കുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയാണ്. പോഷകങ്ങളെ ആഗിരണം ചെയ്യുന്നതിനും കഴിച്ച ഭക്ഷണങ്ങള്‍ എന്തായാലും അത് ദഹിപ്പിക്കുന്നതിനുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. അതു മാത്രമല്ല, ദഹനത്തെ നിയന്ത്രിക്കുന്ന പിറ്റിയൂട്ടറി അവയവവും ശീര്‍ഷാസന വ്യായാമം ചെയ്യുന്നത് വഴി ഉത്തേജിപ്പിക്കപ്പെടുന്നു. മികച്ച നേട്ടങ്ങള്‍ക്കായി ശീര്‍ഷാസനം ചെയ്യുമ്പോള്‍ ശ്വസനത്തില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് സംയോജിപ്പിക്കാന്‍ ശ്രമിക്കുക.
  • ശരീരത്തെ ശക്തിപ്പെടുത്തുന്നു – ഒരാളുടെ ശരീരത്തെ മുഴുവന്‍ ശക്തിപ്പെടുത്തുന്ന ഏറ്റവും മികച്ച വര്‍ക്കൗട്ടുകളില്‍ ഒന്നാണ് ശീര്‍ഷാസനം. ഈ പോസ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ശരീരത്തില്‍ ശരിയായ രീതിയിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ മുഴുവന്‍ കോര്‍ പേശികളെയും ബലപ്പെടുത്തുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ശാരീരിക വഴക്കത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഈയൊരു പോസ് ഏറ്റവുമധികം സഹായിക്കുന്നതായി മാറും.
  • കാഴ്ചശക്തിക്ക് – ശീര്‍ഷാസനം നിങ്ങളുടെ തലയോട്ടിക്ക് ഗുണങ്ങള്‍ നല്‍കുന്നത് പോലെ തന്നെ നിങ്ങളുടെ കണ്ണുകളിലെ ഞരമ്പുകള്‍ക്കും അധിക ഓക്‌സിജനും പോഷക സമ്പുഷ്ടമായ രക്തവും ലഭ്യമാക്കാന്‍ വഴിയൊരുക്കുന്നുണ്ട്. ഇതുവഴി വഴി നാഡീവ്യവസ്ഥയും സെന്‍സറി അവയവങ്ങളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയും കാഴ്ചശേഷി മെച്ചപ്പെടുകയും ചെയ്യുന്നു.
  • തോളുകളേയും കൈകളേയും ബലപ്പെടുത്തുന്നു – ഓരോ തവണ ശീര്‍ഷാസനം ചെയ്തുകൊണ്ട് നിങ്ങളുടെ ശരീരം സ്വയം ഉയര്‍ത്തിപ്പിടിക്കുമ്പോഴും നിങ്ങളുടെ തലയില്‍ നിന്ന് സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കുന്നത് നിങ്ങളുടെ ഇരു കൈകളും തോളുകളുമാണ്. കൂടുതല്‍ നേരം ഈ യോഗാസനം പിടിച്ചു നിര്‍ത്തുമ്പോള്‍ ഈ ശരീര ഭാഗങ്ങള്‍ക്ക് രണ്ടിനും കൂടുതല്‍ കരുത്ത് നേടാന്‍ സാധിക്കുന്നു. നിങ്ങളുടെ അപ്പര്‍ ബോഡിയുടെ ഭാഗത്തെ ബലം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു മികച്ച വര്‍ക്കൗട്ട് കൂടിയാണ് ഇത്.
  • കാലിന്റെ വേദന കുറയ്ക്കുന്നു – നിങ്ങളുടെ കാലുകളില്‍ വേദനകള്‍ ഉണ്ടാവുന്നതിന് പിന്നിലെ പ്രധാന കാരണം അണുബാധകള്‍, വീക്കം, അല്ലെങ്കില്‍ നിങ്ങളുടെ കാലുകളില്‍ കുറെനേരം സമ്മര്‍ദ്ദം ചെലുത്തുന്നത് തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമാകാം. ഒരു തവണ ശീര്‍ഷാസനം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരം തലകീഴായി നില്‍ക്കുന്നതിലൂടെ ഏതെങ്കിലും തരത്തില്‍ കാലുകളുടെ ഭാഗങ്ങളില്‍ കെട്ടിക്കിടക്കുന്ന ദ്രാവകങ്ങളെ നിങ്ങളുടെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ സാധിക്കുന്നു. അസുഖകരമായ കാലിന്റെ വേദനകളില്‍ നിന്ന് നിങ്ങള്‍ക്ക് എളുപ്പത്തില്‍ മോചനം നല്‍കാന്‍ ഈയൊരു യോഗാസനം വഴി സാധിക്കും.
  • ആരോഗ്യമുള്ള മുടിയും തലയോട്ടിയും നല്‍കുന്നു – ശീര്‍ഷാസനം ചെയ്യുമ്പോള്‍ ഇത് നിങ്ങളുടെ തലയോട്ടിയിലേക്കുള്ള രക്തചക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നത് വഴി മുടി വേരുകളിലേക്കും രോമകൂപങ്ങളിലേക്കുമുള്ള പോഷകങ്ങളെ വേഗത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലമുടിയുടെയും തലയോട്ടിയുടെയും ആരോഗ്യശേഷിക്ക് ഉത്തേജനം നല്‍കുന്നതാണ്.