ഭുവനേശ്വര്‍: ഒരിക്കല്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുലക്ഷം രൂപ പാരിതോഷികം വാങ്ങി തോക്ക് താഴെവച്ചു കീഴടങ്ങിയ മാവോയിസ്‌റ്റ് ഇന്ന് രക്‌ത ബാങ്കിന്റെ മുന്നില്‍ സെക്യൂരിറ്റി ഗാര്‍ഡ്! പറഞ്ഞുവരുന്നത് ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ നിന്നുള്ള മുന്‍ മാവോയിസ്‌റ്റ് നേതാവ് ധനന്‍ജോയ് ഗോപ് എന്ന സുധീറിനെക്കുറിച്ചാണ്. ഗോപ് 14-15 വര്‍ഷത്തെ മാവോയിസ്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 5 ലക്ഷം രൂപ പാരിതോഷികം കൈപ്പറ്റി 2019 ഫെബ്രുവരിയിലാണ് കോരാപുട്ട് പോലീസിനു മുന്നില്‍ കീഴടങ്ങിയത്.
മാവോയിസ്‌റ്റുകളുടെ ഗുമ്മ മേഖല കമ്മിറ്റിയിലെ ഡിവിഷണല്‍ കമ്മിറ്റി അംഗവും (ഡി.സി.എം.) കലിമേല ഏരിയയിലെ സജീവ അംഗവുമായിരുന്നു ഗോപ്.
കൊലപാതകം തീവയ്‌പ്പ് എന്നിങ്ങനെ കൊടും കുറ്റകൃത്യങ്ങളില്‍ ഗോപിന്റെ പേരിലുണ്ട്. ഒരിക്കല്‍ എതിര്‍ത്തിരുന്ന സമൂഹത്തിന്റെ സുരക്ഷ ഒരുക്കിക്കൊണ്ട് ഗോപ് ഇപ്പോള്‍ മല്‍ക്കാന്‍ഗിരി രക്‌ത ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായി സേവനമനുഷ്‌ഠിക്കുന്നത് കാലത്തിന്റെ കാവ്യനീതിയായി.
2015-ല്‍ കീഴടങ്ങിയ ബാലിമേല പ്രദേശത്തു നിന്നുള്ള മറ്റൊരു മുന്‍ മാവോയിസ്‌റ്റായ രാമ മദ്‌കാമി എന്ന ദിനേശിന്റെ പാതയാണ് ഗോപിന്റെ യാത്രയില്‍ പ്രതിഫലിപ്പിക്കുന്നത്.
ഇപ്പോള്‍ രാമ മദ്‌കാമി മാല്‍ക്കന്‍ഗിരി ആശുപത്രിയില്‍ സമാനമായ സുരക്ഷാ പദവി വഹിക്കുന്നു. ഇരുവരും മുഖ്യധാരയിലുള്ള ജീവിതത്തില്‍ പൂര്‍ണ സംതൃപ്‌തി അറിയിക്കുകയും നിലവിലെ മാവോയിസ്‌റ്റ് പ്രവര്‍ത്തകരോട് തങ്ങളെപ്പോലെ ആയുധം താഴെവച്ച് കീഴടങ്ങാനും ആവശ്യപ്പെട്ടു.




